Monday, November 25, 2024

ബഹിരാകാശസ്വപ്നത്തിൽ ഒരു ചുവടുകൂടി മുന്നോട്ടുവച്ച് ഇസ്റോ: ആളില്ലാ പരീക്ഷണപറക്കൽ വിജയകരമായി പൂർത്തിയാക്കി ഗഗൻയാൻ

സാങ്കേതികതടസ്സങ്ങളെ തുടർന്ന് കൗണ്ട് ഡൗൺ നിർത്തിവച്ച ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണപറക്കൽ വിജയകരം. രാവിലെ പത്തുമണിയോടെ സതീഷ് ധവാൻ സ്​പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു പരീക്ഷണപറക്കൽ നടത്തിയത്. നേരത്തെ മോശം കാലവസ്ഥയെയും സാങ്കേതികതടസ്സങ്ങളെയും തുടർന്ന് വിക്ഷേപണം മൂന്നുതവണ മാറ്റിവച്ചിരുന്നു.

മോശം കാലാവസ്ഥയെതുടർന്ന് രാവിലെ എട്ടുമണിയിൽ നിന്നും എട്ടരയിലേക്കും പിന്നീട് 8.45 ലേയ്ക്കും വിക്ഷേപണം മാറ്റിയിരുന്നു. മൂന്നാം പ്രാവശ്യം കൗണ്ട് ഡൗൺ പൂർത്തിയാകാൻ അഞ്ച് സെക്കന്റുകൾ അവശേഷിക്കെയാണ് സാങ്കേതികതടസ്സങ്ങൾ ചൂണ്ടിക്കാട്ടി ദൗത്യം ഹോൾഡ് ചെയ്തതായി ഇസ്റോ പ്രഖ്യാപിച്ചത്. തുടർന്ന്,വിദഗ്ധ സംഘമെത്തി റോക്കറ്റും അനുബന്ധ സംവിധാനങ്ങളും പരിശോധിച്ച് തകരാർ പരിഹരിച്ചശേഷം വിക്ഷേപണം പത്തുമണിയോടെ നടത്തുമെന്ന് ഇസ്റോ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.

പരീക്ഷണപറക്കലിനായി പേടകം വിക്ഷപിച്ച് 17 കിലോമീറ്റർ ഉയരത്തിലെത്തിയതിനുപിന്നാലെ ടി.വി ഡി-1 ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് പത്തു കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ പേടകം പതിക്കുകയായിരുന്നു. ഇതിനുപിന്നാലെ ദൗത്യം വിജയിച്ചതായി ഇസ്രോ പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ വീണ ക്രൂമൊഡ്യൂൾ നാവികസേനാംഗങ്ങളാണ് വീണ്ടെടുത്ത് കരയിലെത്തിച്ചത്. അടിയന്തരസാഹചര്യമുണ്ടായാൽ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണ് ഇന്ന് പരിശോധിക്കപ്പെട്ടത്.

Latest News