വിവാദ പ്രസംഗം
തിരുവനന്തപുരത്തു വച്ചു നടന്ന അനനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരെ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. പി സി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് ജോര്‍ജ് പറഞ്ഞതെന്നും മുന്‍കൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും സതീശന്‍ പറഞ്ഞു.
അറസ്റ്റും ജാമ്യവും
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുടെ പേരില്‍ അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു. സാക്ഷികളെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെ പിന്നീട് ജുഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യവും ലഭിച്ചു. ജാമ്യം കൊടുക്കരുതെന്ന പോലീസിന്റെ വാദം പരിഗണിക്കാതെയാണ് കോടതി പി സി ജോര്‍ജിനു ജാമ്യം അനുവദിച്ചത്.
ജാമ്യം കിട്ടി പുറത്തുവന്നതിനു ശേഷവും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തീവ്രവാദികള്‍ക്കു പിണറായി വിജയന്‍ സര്‍ക്കാര്‍ കൊടുത്ത റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളങ്ങളുമെന്നും ജോര്‍ജ് ആരോപിച്ചു.
അറസ്റ്റിനു പിന്നില്‍ വലിയ രാഷ്ട്രീയമുണ്ട്. യുഡിഎഫും എല്‍ഡിഎഫും തീവ്രവാദികളുടെ പിന്തുണയോടെയാണ് മുന്നോട്ടു നീങ്ങുന്നത്. അവരുടെ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരേയുള്ള നീക്കമെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. എന്നെ ഫോണില്‍ വിളിച്ചാല്‍ ഞാന്‍ കോടതിയില്‍വരും. എന്നിട്ട് തിരുവനന്തപുരത്തുനിന്നു പത്തമ്പതു പോലീസ് പുലര്‍ച്ചെ ഈരാറ്റുപേട്ടയില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നു. വല്ല കാര്യവുമുണ്ടോയെന്നും ജോര്‍ജ് ചോദിച്ചു.
അതേസമയം എം എ യൂസഫലിയെക്കുറിച്ചു പറഞ്ഞതില്‍ മാത്രം തിരുത്തുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. മനസിലുള്ള ആശയവും പറഞ്ഞതും രണ്ടായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്കുവേണ്ടിയാണ് സംസാരിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.
കേന്ദ്രമന്ത്രിയെ തടഞ്ഞ് പോലീസ്
വിവാദ പ്രസംഗത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരനെ പോലീസ് തടഞ്ഞു. ജോര്‍ജിനെ കാണാന്‍ അനുവദിക്കില്ലെന്ന് പോലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഇരട്ട നീതിയാണെന്നും ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിന് അഭിപ്രായസ്വാതന്ത്ര്യം ഇല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. പി.സി ജോര്‍ജ്ജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. വെട്ടിക്കൊന്നവരെ പോലും ഇവിടെ അറസ്റ്റ് ചെയ്യുന്നില്ല. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഈ തിടുക്കം കാണിക്കുന്നത്. യൂത്ത് ലീഗ് പരാതി നല്‍കിയാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാനടക്കം ഈ നാട്ടില്‍ സ്വാതന്ത്ര്യം കൊടുക്കണം എന്നാവശ്യപ്പെടുന്നവരാണ് സിപിഎമ്മുകാര്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഈ രാജ്യത്തെ വെട്ടിനുറുക്കാന്‍ വേണ്ടി മുദ്രാവാക്യം വിളിക്കുന്നയാളുകള്‍ക്ക് അതിന് സ്വാതന്ത്യമുണ്ടെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ പി.സി ജോര്‍ജ്ജ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞിട്ടും സിപിഎമ്മിന്റെ ജനാധിപത്യ ഭരണകൂടത്തിന് അത് വിദ്വേഷ പ്രസംഗമായെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
മനുഷ്യരെ അരിഞ്ഞുതള്ളാനുള്ള സ്വാതന്ത്ര്യം ഈ നാട്ടില്‍ അനുവദിക്കുന്നുണ്ട്. അത്തരം കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത തിടുക്കം പി.സി ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയുണ്ടായി. ഇസ്ലാമിക ഭീകരവാദികള്‍ അരിഞ്ഞുതള്ളിയ ശ്രീനിവാസന്റെ കൊലപാതകികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 24 മണിക്കൂറിനുള്ളില്‍ ഗൂഢാലോചന നടത്തി മനുഷ്യരെ വെട്ടിക്കൊല്ലുന്ന അക്രമികളെ പിടിക്കാന്‍ കാണിക്കാത്ത തിടുക്കമാണ് പിണറായി സര്‍ക്കാര്‍ കാണിച്ചതെന്നും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഇരട്ടനീതിയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അറസ്റ്റിനെ അപലപിച്ച് ബിജെപി നേതാക്കള്‍
പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി വക്താവ് ബിജെപി വക്താവ്, സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടി കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഹാഗിയ സോഫിയ വിഷയത്തില്‍ ക്രൈസ്തവ സമുദായത്തെ കുത്തിനോവിച്ചു കൊണ്ട് ലേഖനമെഴുതിയ സാദിഖലി തങ്ങള്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. പാലാ ബിഷപ്പിനെതിരെ നീങ്ങിയത് ഇതേ വര്‍ഗീയ ശക്തികളായിരുന്നു. ക്രൈസ്തവര്‍ അവരുടെ ആശങ്കകള്‍ തുറന്ന് പ്രകടിപ്പിക്കുന്നതിനെ മുളയിലേ നുള്ളുക എന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.
എല്ലാ ഞായാറാഴ്ചയും പുലര്‍ച്ചെ പള്ളിയില്‍ പോയി കുര്‍ബാന അര്‍പ്പിക്കുന്നതാണ് പിസി ജോര്‍ജിന്റെ പതിവെന്ന് എല്ലാവര്‍ക്കുമറിയാം. അത് തടസ്സപ്പെടുത്താനായി പുലര്‍ച്ചെയുള്ള അറസ്റ്റ് ആരുടെ ആവശ്യമാണെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. അറസ്റ്റ് ചെയ്തത് മാദ്ധ്യമങ്ങള്‍ക്ക് ദൃശ്യപരതയുണ്ടാക്കി മതഭീകരവാദികളുടെ കയ്യടി നേടുക എന്ന ലക്ഷ്യത്തോടെയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
ജോര്‍ജിനെ വീട്ടില്‍ അതിക്രമിച്ചു കയറി പോലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആരോപിച്ചു. അദ്ദേഹം പറഞ്ഞപോലെ പലതും കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.
‘അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള പിണറായിയുടെ സമ്മാനം’
തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണ് തന്റെ അറസ്റ്റെന്നാണ് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രവാദികളുമായി പിണങ്ങിയതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. പരാമര്‍ശം ആരെയും വേദനിപ്പിക്കുന്നതല്ല. തീവ്രവാദം കൊണ്ട് നടക്കുന്നവര്‍ക്കാകും നൊന്തത്. മതവിദ്വേഷം ഇല്ലെന്ന് കണ്ടല്ലേ കോടതി വെറുതേ വിട്ടത്. പിണറായിയും കോണ്‍ഗ്രസും തീവ്രവാദികളുടെ പിന്തുണയ്ക്കാണ് നടക്കുന്നത്. തീവ്രവാദികള്‍ക്കു വേണ്ടി സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുകയാണ്. അറിഞ്ഞ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് ശ്രമിച്ചത്. പി സി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജ് നടത്തിയത് വിദ്വേഷപ്രസംഗമോ?
ഒരു പൗരന് അയാളുടെ മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ നിര്‍ഭയമായും അസന്ദിഗ്ധമായും പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമാണല്ലോ അഭിപ്രായസ്വാതന്ത്യം. ജനാധിപത്യ ഗവണ്‍മെന്റുകള്‍ പ്രധാനമായും ആ രാജ്യത്തെ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിലാണല്ലോ നിലകൊള്ളുന്നതും. പിസി ജോര്‍ജ് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ നിലവിലെ സാഹചര്യത്തില്‍ കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകള്‍ തന്നെയാണ്. മാത്രവുമല്ല, നിയമം ഒരു സമുദായത്തിന് വേണ്ടി മാത്രം ഉള്ളതല്ലല്ലോ.
നാട്ടില്‍ നടക്കുന്ന ചില യാഥാര്‍ഥ്യങ്ങള്‍ തന്റെ സ്വതസിദ്ധ ശൈലിയില്‍ പിസി ജോര്‍ജ് ഹിന്ദു മഹാ സമ്മേളനത്തില്‍ പറഞ്ഞത് മത വിദ്വേഷമെങ്കില്‍ അതിലും തീവ്രതയോടെ ഹിന്ദുക്രിസ്ത്യന്‍ വിരോധം പ്രസംഗിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ല? അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്ന വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ ആദ്യം നടപടി എടുത്തില്ല? പ്രസംഗത്തേക്കാള്‍ ആപത്കരമല്ലേ വിദ്വേഷ പ്രവൃത്തി. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കണ്ണടച്ചിട്ട് അത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് നീതിയാണോ?
ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്നത് ഉള്‍പ്പെടെയുളള യാഥാര്‍ത്ഥ്യങ്ങളാണ് പി.സി ജോര്‍ജ്ജ് തുറന്നടിച്ചത്. തന്റെ പ്രസ്താവനകളുടെ പേരില്‍ ആരെങ്കിലും തൂക്കിക്കൊല്ലാന്‍ വിധിക്കുമോയെന്ന് നോക്കട്ടെയെന്നും പി.സി ജോര്‍ജ്ജ് വെല്ലുവിളിച്ചിരുന്നു. സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കള്‍ക്കുണ്ട്. ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങള്‍ പറയുന്നത്. വാര്‍ത്തകള്‍ അറസ്റ്റിലേയ്ക്ക് ചുരുക്കി പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങള്‍ തേച്ചുമായ്ച്ചുകളയാനാണോ സര്‍ക്കാരിന്റെ ശ്രമമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.