1587 മുതൽത്തന്നെ വത്തിക്കാൻ അതിന്റെ അച്ചടിശാലയിൽനിന്നും പ്രമാണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്നാൽ, കാലം മാറിയപ്പോൾ ചില ഡിജിറ്റൽ ഓപ്ഷനുകൾ ഉണ്ടെങ്കിലും, പരമ്പരാഗത കൈയെഴുത്തുപ്രതികൾ കൈ കൊണ്ടു നിർമിക്കുന്നത് ഇവിടെ തുടരുകയാണ്.
നമുക്ക് ഇപ്പോൾ ഏതു സമയത്തും എവിടെയും പുസ്തകങ്ങളും ലഘുലേഖകളും മാസികകളും ലഭ്യമാണ്. എന്നാൽ, പ്രിന്റിങ് പ്രസ് കണ്ടുപിടിക്കുന്നതിനുമുൻപ് വായനസാമഗ്രികൾ ഒരു നിധിപോലെ അമൂല്യമായിരുന്നു. പുരാതനകാലങ്ങളിൽ ഇത്തരം കൈയെഴുത്തുപ്രതികൾ ശ്രദ്ധാപൂർവം സൂക്ഷിച്ചിരുന്നത് രാജകൊട്ടാരങ്ങളിലും ആശ്രമങ്ങളിലും മാത്രമായിരുന്നു. അവിടെയെത്തി അത് വായിക്കുക എന്നത് ഭാഗ്യശാലികളായ, അക്ഷരജ്ഞാനമുള്ള ചുരുക്കം ചില ആളുകൾക്കുമാത്രം ലഭ്യമായ അവസരമായിരുന്നു. അന്ന് വല്ലപ്പോഴുമോ ചിലപ്പോൾ ആയുസ്സിൽ ഒരിക്കൽ മാത്രമോ ഒക്കെ ലഭ്യമാകുന്ന ഒന്നായിരുന്നു പുസ്തകങ്ങൾ.
1454 ൽ ജർമൻകാരനായ ജോഹന്നാസ് ഗുട്ടൻബർഗ്, ചലിക്കുന്ന തരത്തിലുള്ള പ്രിന്റിംഗ് പ്രസിന്റെ ആദ്യപതിപ്പ് വാണിജ്യവത്ക്കരിച്ചു. ഗുട്ടൻബർഗിന്റെ കണ്ടെത്തൽ നവോത്ഥാന യൂറോപ്പിലെ സാക്ഷരതയുടെ വികാസത്തെ ത്വരിതപ്പെടുത്തുകയും അറിവും വിവരങ്ങളും കൈമാറുന്ന രീതിയെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്തു.
ഗുട്ടൻബർഗിന്റെ കണ്ടുപിടുത്തത്തിനും 15 വർഷങ്ങൾക്കുശേഷം പയസ് നാലാമൻ മാർപാപ്പ വത്തിക്കാനിൽ ഒരു അച്ചടിശാല സ്ഥാപിച്ചു. പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ച ആൽഡസ് മാന്യൂട്ടിയസിന്റെ മകൻ പൗലോസ് മാനൂട്ടിയസിനെയാണ് പാപ്പ ആ സ്ഥാപനം ഏല്പിച്ചത്. 1545 നും 1563 നുമിടയിൽ ഇറ്റലിയിലെ ട്രെന്റിൽ നടന്ന കൗൺസിൽ ഓഫ് ട്രെന്റിൽ ഒപ്പുവച്ച കരാറുകളിൽ നിന്നുള്ള എല്ലാ ഗ്രന്ഥങ്ങളും ഉൾപ്പെടെ, അച്ചടിച്ച വാല്യങ്ങൾ നിർമിച്ച് റോമിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് മാന്യൂട്ടിയസ് സൃഷ്ടിച്ചു.
1563 ൽ, സിക്‌സ്റ്റസ് അഞ്ചാമൻ മാർപാപ്പ വത്തിക്കാൻ കൊട്ടാരത്തിനുള്ളിൽ ഔദ്യോഗിക വത്തിക്കാൻ അച്ചടിശാല സ്ഥാപിച്ചു. പരിശുദ്ധ സിംഹാസനത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന കൈയെഴുത്തുപ്രതികളുടെ അച്ചടിച്ച പതിപ്പുകൾ നിർമിക്കാൻ ഈ അച്ചടിശാലയെ ചുമതലപ്പെടുത്തി. മാനൂട്ടിയസിന്റെ എഡിറ്റോറിയൽ മേൽനോട്ടത്തിൽ ഡൊമെനിക്കോ ബാസയാണ് ‘ടിപ്പോഗ്രാഫിയ വത്തിക്കാന’ അല്ലെങ്കിൽ വത്തിക്കാൻ ടൈപ്പോഗ്രഫി സംവിധാനം ചെയ്തത്.
വത്തിക്കാൻ ടൈപ്പോഗ്രഫിയിൽ നിർമിച്ച ആദ്യത്തെ അച്ചടിച്ച പുസ്തകങ്ങൾ – ട്രൈഡൻറൈൻ തത്വങ്ങൾക്കനുസൃതമായി ബൈബിളിന്റെ 1593 പതിപ്പ് ഉൾപ്പെടെ – അവരുടെ കാലഘട്ടത്തിൽ വളരെ നൂതനമായിരുന്നു. പാരീസ് ആസ്ഥാനമായുള്ള യൂറോപ്പിലെ ഏറ്റവും നൂതനമായ ടൈപ്പോഗ്രാഫികളിൽ നിന്ന് സ്വീകരിച്ച പ്രത്യേക പ്രതീകങ്ങൾ അവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാറ്റിൻ ഒഴികെയുള്ള മറ്റു ഭാഷകളിൽ ഗ്രന്ഥങ്ങൾ ലഭ്യമാക്കുന്നതിലും എഡിറ്റോറിയൽ ടീം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ഗ്രീക്കിലും ഹീബ്രുവിലും പുസ്തകങ്ങൾ അച്ചടിക്കുന്നതിനു കാരണമായി.
1626 ൽ പോപ്പ് ഊർബൻ VII, വത്തിക്കാൻ പ്രിന്റിംഗ് പ്രസിന്റെ ഒരു ഉപവിഭാഗം സ്ഥാപിച്ചു. മിഷനറിമാരുടെ ഉപയോഗത്തിനായി പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാൻ ഈ ഉപവിഭാഗത്തെ ചുമതലപ്പെടുത്തി. അന്താരാഷ്‌ട്ര മതഗ്രന്ഥങ്ങളും നിഘണ്ടുകളും വ്യാകരണഗ്രന്ഥങ്ങളും ഇവിടെനിന്നും 23 ഭാഷകളിൽ അച്ചടിച്ചു.
പ്രവർത്തനരഹിതമായ ഒരു കാലഘട്ടത്തിനുശേഷം, 19-ാം നൂറ്റാണ്ടിൽ ലിയോ പന്ത്രണ്ടാമൻ മാർപാപ്പ റോമൻ ഭാഷാശാസ്ത്രജ്ഞനായ കർദിനാൾ ആഞ്ചലോ മായുടെതുൾപ്പെടെ നിരവധി കൃതികളുടെ അച്ചടിക്ക് മേൽനോട്ടം വഹിച്ചതോടെ പ്രിന്റിംഗ് പ്രസ് ഒരു നവീകരണത്തിലേക്കു വന്നു.
വർഷങ്ങൾ കടന്നുപോയി എങ്കിലും അച്ചടിശാല ഇപ്പോഴും സജീവമാണ്. കൂടാതെ, ഔദ്യോഗിക വത്തിക്കാൻ പബ്ലിഷിംഗ് ഹൗസിനുള്ള പുസ്തകങ്ങൾ, ലൈബ്രേറിയാ എഡിറ്റീസ് വത്തിക്കാന, വത്തിക്കാൻ മ്യൂസിയങ്ങൾക്കായുള്ള ആർട്ട് വാല്യങ്ങൾ, ഗൈഡോ ബെൻഫാന്റെയുടെ മേൽനോട്ടത്തിൽ വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിക്കുള്ള ഗ്രന്ഥങ്ങൾ എന്നിവയുൾപ്പെടെ വിവിധ പ്രിന്റഡ് പുസ്തകങ്ങൾ ഇവിടെ നിർമിക്കുന്നു.
“പുതിയ ഡികാസ്റ്ററി ഓഫ് കമ്മ്യൂണിക്കേഷനിലേക്ക് സംഭാവന നൽകുന്ന ഏറ്റവും പഴയ മാധ്യമമാണ് വത്തിക്കാൻ പ്രിന്റിംഗ് പ്രസ്സ്” ബെൻഫാന്റെ, റോം റിപ്പോർട്ടിനോടു പറഞ്ഞു. “ഞങ്ങൾ ഇപ്പോഴും പശ, ത്രെഡ്, തുകൽ, പേപ്പർ എന്നിവ ഉപയോഗിച്ച് പുസ്തകങ്ങൾ നിർമിക്കുന്നു. അത് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.” വത്തിക്കാൻ ടൈപ്പോഗ്രാഫിക്ക് ഒരു പരമ്പരാഗത ബുക്ക് ബൈൻഡിംഗ് വിഭാഗമുണ്ട്. അവിടെ പുസ്തകങ്ങൾ ഇപ്പോഴും കടലാസ് പേപ്പർ ഉപയോഗിച്ച് നിർമ്മിക്കുകയും തുകൽ, തുണിത്തരങ്ങൾ എന്നിവ ഉപയോഗിച്ച് ബൈൻഡ് ചെയ്യുകയും ചെയ്യുന്നു. എങ്കിലും 500 വർഷം പഴക്കമുള്ള അച്ചടിശാല പുതുമയെ എക്കാലവും സന്തോഷത്തോടെ സ്വീകരിച്ചു. 1980 കളിൽ വത്തിക്കാൻ പ്രിന്റിംഗ് പ്രസ്സ് ആദ്യത്തെ പേഴ്‌സണൽ കമ്പ്യൂട്ടറിന് ഓർഡർ നൽകി. 2020-ൽ പരമ്പരാഗത പ്രിന്ററുകളെക്കാൾ കുറഞ്ഞ ഊർജത്തിൽ ഡിജിറ്റൽ കൈയെഴുത്തുപ്രതികൾ അച്ചടിക്കാൻ കഴിയുന്ന 25 അടി നീളമുള്ള ആദ്യത്തെ ഡിജിറ്റൽ പ്രിന്റർ ഈ അച്ചടിശാലയിൽ സ്ഥാപിച്ചു.
പാരമ്പര്യത്തിന്റെയും പുതുമയുടെയും സവിശേഷമായ സമ്മിശ്രണത്തോടെ, ഏതാണ്ട് അര സഹസ്രാബ്ദത്തിനുശേഷവും വത്തിക്കാൻ ടൈപ്പോഗ്രാഫി അതിന്റെ ദൗത്യം നിർവഹിക്കുന്നു.