നാറ്റോ സഖ്യരാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടി ലിത്വാനയിൽ ഇന്ന് ആരംഭിക്കും. ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിലാണ് ഉച്ചകോടി നടത്തപ്പെടുന്നത്. 40 രാഷ്ട്രത്തലവന്മാരും 150 ഓളം ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഉക്രൈൻറെ നാറ്റോ പ്രവേശനം ഉൾപ്പടെയുളള വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.
ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ലിത്വാനിയയിൽ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലിത്വേനിയൻ സൈന്യവും പൊലീസും കൂടാതെ സ്പെയിൻ, ജർമനി, പോളണ്ട്, ലാത്വിയ തുടങ്ങിയ നാറ്റോ അംഗരാജ്യങ്ങളുടെ സഹായവും സുരക്ഷക്കായി ഉറപ്പുവരുത്തിയിട്ടുണ്ട്. ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം വിൽനിയസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചു. കൂടാതെ ബാൾട്ടിക് കടലിൽ നാറ്റോ അധിക കപ്പലുകൾ വിന്യസിപ്പിക്കുകയും വിൽനിയസിന്റെയും സമീപപ്രദേശങ്ങളുടെയും മുകളിൽ ഇന്നും നാളെയും വ്യോമഗതാഗതവും വിലക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ഉക്രൈനെ നാറ്റോയിൽ ചേർക്കുന്നതു സംബന്ധിച്ച് ചർച്ചകൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തുർക്കിആതിഥേയരായ ലിത്വാനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉക്രൈന് അനുകൂലമാണെങ്കിലും അംഗരാഷ്ട്രങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ ഉച്ചകോടിയിൽ അനുകൂല നടപടിയുണ്ടാകില്ലെന്നും സൂചനകളുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഫിൻലാൻഡിനെ നാറ്റോയിൽ ചേർത്തിരുന്നു. നാറ്റോ പ്രവേശനത്തിനായി സ്വീഡൻറെ അപേക്ഷയും പരിഗണനയിലുണ്ട്.