Sunday, November 24, 2024

ഹമാസിന്റെ തടവിൽനിന്ന് മോചിതയായ ഇസ്രായേലി പെൺകുട്ടി തന്‍റെ സഹപാഠികളെ കാണുന്ന വീഡിയോ വൈറലാകുന്നു

ഹമാസ് ഭീകരരുടെ കയ്യില്‍നിന്നും മോചിക്കപ്പെട്ട അഞ്ചുവയസുകാരിയായ ഇസ്രായേലി പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെടിനിര്‍ത്തല്‍ കരാറിനുപിന്നാലെ ഹമാസ് ഭീകരര്‍ മോചിപ്പിച്ച എമിലിയ അലോണി എന്ന ഇസ്രയേല്‍പെണ്‍കുട്ടി, താന്‍ പഠിക്കുന്ന കിന്റർഗാർട്ടൻ സ്കൂളിലെ സുഹൃത്തുക്കളെ കാണുന്നതും അവരുമായുള്ള സ്നേഹപ്രകടനങ്ങളുമാണ് വീഡിയോയില്‍ തരംഗമാകുന്നത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയില്‍, ആദ്യമായി സ്കൂളിലെത്തുന്ന അഞ്ചുവയസുകാരി അലോണിയെ ഗേറ്റിനുമുന്നില്‍വച്ച് അവളുടെ ടീച്ചർ അഭിവാദ്യം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നതായി കാണാം. തുടര്‍ന്ന് ക്ലാസിലേക്കെത്തിയ അലോണിയെ ഒരു ഡസനിലധികം സുഹൃത്തുക്കൾ സ്വീകരിക്കുന്നു. പിന്നാലെ തന്‍റെ സഹപാഠികൾ അലോണിയെ ഊഷ്മളമായി ആലിംഗനം ചെയ്യുകയും സന്തോഷം കൈമാറുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

എക്സില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്കുതാഴെ നിരവധി കമന്‍റുകളാണ് ഉപയോക്താക്കള്‍ നല്‍കിയിരിക്കുന്നത്. “ഇത് കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. അവളുടെ സുഹൃത്തുക്കള്‍ അവളെ വാരിപ്പുണരുന്നു; അവള്‍ നേരെ തിരിച്ചും” – ഒരാള്‍ കുറിച്ചു. നവംബർ 24 -നാണ് ഹമാസിന്റെ തടവിൽനിന്ന് അലോണി മോചിതയായത്. ഇസ്രായേലും ഹമാസും തമ്മിലുള്ള ബന്ദികൈമാറ്റ ഇടപാടിന്റെ ഭാഗമായിട്ടായിരുന്നു മോചനം. വെടിനിർത്തൽ സമയത്ത് മൊത്തം 105 ബന്ദികളെ വിട്ടയച്ചത് ശ്രദ്ധേയമാണ്. ഇവരിൽ 80 പേർ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാർക്കുപകരമായി മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബന്ദികളായിരുന്നു

Latest News