ഗൂഗിള്‍ മാപ്പ് നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് നോര്‍ത്ത് കരോലിനയില്‍ യുവാവ് നദിയിൽ വീണ് മരിച്ച സംഭവത്തില്‍ നിയമ നടപടിയുമായി കുടുംബം. പാലം തകര്‍ന്നിരിക്കുന്ന വിവരം മാപ്പിലെ നാവിഗേഷനില്‍ വ്യക്തമാക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ലിപ്പ് പാക്സണ് എന്ന യുവാവാണ് നദിയിൽ വീണ് മരിച്ചത്.
മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായ യുവാവ് പരിചയമില്ലാത്ത ഭാഗത്തേക്ക് യാത്ര ചെയ്തതിനാലാണ് ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയത്. മാപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാത്ര ആരംഭിച്ച യുവാവിനെ ഒന്‍പത് വര്‍ഷം മുന്‍പ് തകര്‍ന്ന പാലത്തിലേക്കാണ് മാപ്പിലെ ദിശാ നിര്‍ദേശങ്ങള്‍ എത്തിച്ചത്. പാലം തകര്‍ന്നിരിക്കുന്നത് മഞ്ഞ് വീണത് മൂലം വ്യക്തമല്ലാതിരുന്ന യുവാവ് വാഹനം പാലത്തിലേക്ക് ഒടിച്ചു കയറ്റുകയായിരുന്നു. പാലത്തില്‍ നിന്ന് 20 അടിയോളം താഴ്ചയിലുള്ള നദിയിലേക്ക് വീണ ഫിലിപ്പിനെ രക്ഷാ സേനയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, പാലം തകര്‍ന്ന വിവരം പല തവതവണ ജി.പി.എസില്‍ അപ്ഡേറ്റ് ചെയ്തിരുന്നതായാണ് പ്രദേശത്തെ പാലങ്ങളുടെ ചുമതലയിലുള്ള അധികൃതര്‍ പറയുന്നത്. എന്നാല്‍ ജി.പി.എസില്‍ മാറ്റം പ്രതിഫലിക്കാതിരുന്നതാണ് ഈ ദാരുണാന്ത്യത്തിന് കാരണമായതെന്ന് ഫിലിപ്പിന്റെ കുടുംബം ആരോപിച്ചു. മാറ്റങ്ങള്‍ വരുത്താന്‍ പ്രാദേശിക ഭരണകൂടം ഗൂഗിളിനോട് ആവശ്യപ്പെട്ട ഇ മെയിലിന്റെ കോപ്പി സഹിതമാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്.