ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് അട്ടിമറി വിജയം. ബിജെപി യുടെ ഭരണത്തില്‍ നിന്നുമാണ് കോര്‍പ്പറേഷന്‍ എ.എ. പി പിടിച്ചെടുത്തത്. എക്സിറ്റ് പോള്‍ ഫലങ്ങളും എ.എ. പിക്ക് അനുകൂലമായിരുന്നു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ (എംസിഡി) 250 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 134 സീറ്റില്‍ വ്യക്തമായ മുന്‍തൂക്കത്തോടെയായിരുന്നു എഎപിയുടെ വിജയം. 15 വര്‍ഷമായി തുടരുന്ന കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപി 104 സീറ്റിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് ഉണ്ടായത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച വോട്ടെണ്ണല്‍ 42 കേന്ദ്രങ്ങളിലായിട്ടാണ് നടന്നത്. ഡിസംബർ നാലിന് നടന്ന തിരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ടർമാര്‍ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തി.
ആകെ 1349 സ്ഥാനാർത്ഥികളാണ് കോര്‍പ്പറേഷനിലേക്കുള്ള മത്സര രംഗത്ത് ഉണ്ടായിരുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ചിത്രത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡല്‍ഹി മദ്യനയകേസ്, എഎപി മന്ത്രിയുടെ കളളപ്പണ കേസ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ബിജെപി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ തള്ളി മിന്നും വിജയത്തോടെയാണ് എഎപിയുടെ തേരോട്ടം.