‘നീ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു’- ഞായറാഴ്ച വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ തീ കൊളുത്തി മരിക്കുംമുമ്പ് ആരോണ്‍ ബുഷ്നെല്‍ എന്ന ഇരുപത്തഞ്ചുകാരന് സുഹൃത്തിന് അയച്ച സന്ദേശമാണിത്. തന്റെ പൂച്ചയെ അയല്‍വാസിക്കും ഫ്രിഡ്ജിലുള്ള ബിയറുകള് സുഹൃത്തിനുമെന്ന് ഒസ്യത്തെഴുതി അയച്ചു നല്കി 12 മിനിറ്റിനുശേഷം അമേരിക്കന്‍ വ്യോമസേനാംഗമായ ആരോണ്‍ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ സ്വയം തീകൊളുത്തി. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയില്‍ പങ്കുപറ്റാനില്ലെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചായിരുന്നു ജീവനൊടുക്കല്‍.
കേപ് കോഡിലെ ഓര്‍ലിയാന്‍സില്‍ തീര്‍ത്തും മതപരമായ അന്തരീക്ഷത്തിലാണ് ആരോണ്‍ വളര്‍ന്നത്. സൈബര്‍ ഡിഫന്‍സ് ഓപ്പറേഷന് സ്പെഷ്യലിസ്റ്റായ അദ്ദേഹം 2020 മെയിലാണ് വ്യോമസേനാംഗമായത്. സോഷ്യലിസ്റ്റ് സംഘവുമായി ആരോണ്‍ സഹകരിക്കാറുണ്ടായിരുന്നുവെന്ന് ഒരു സുഹൃത്തിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കുരുതിയിലും അമേരിക്കന്‍ പങ്കാളിത്തത്തിലുമുള്ള രോഷം അദ്ദേഹം പങ്കുവയ്ക്കാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കളും ഓര്‍മിച്ചു. ആരോണിന്റെ മരണത്തില്‍ ദുഃഖം പങ്കുവച്ചും കടന്നാക്രമണത്തെ അപലപിച്ചും നിരവധിപ്പേരാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ എംബസിയില്‍ എത്തിയത്.