Wednesday, January 22, 2025

ആരോണ്‍ ഫിഞ്ച് രാജ്യന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഓസ്ട്രേലിയയുടെ ടി20 ടീമിന്‍റെ നായകനായ ആരോണ്‍ ഫിഞ്ച് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ 12 വര്‍ഷത്തെ ഓസ്ട്രേലിയന്‍ കരിയറിനാണ് താരം വിരാമമിടുന്നത്. ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടി20യില്‍ ഓസീസിന് പുതിയ നായകനെ കണ്ടെത്തേണ്ടിവരും.

ഏകദിന മത്സരങ്ങളില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ താരം വിരമിച്ചിരുന്നു. ഓസ്ട്രേലിയക്ക് സമീപകാലത്തൊന്നും ടി20 മത്സരങ്ങളില്ലെന്നതും വിരമിക്കല്‍ വേഗത്തിലാക്കാന്‍ ഫിഞ്ചിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. 2024 ല്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ തനിക്ക് കളിക്കാനാകില്ല എന്ന ബോധ്യത്തെ തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിക്കറ്റ് വിക്ടോറിയക്കും ക്രിക്കറ്റ് ഓസ്ട്രേലിയക്കും ഓസ്ട്രേലിയന്‍ ടീമിലെ സഹതാരങ്ങള്‍ക്കും തന്‍റെ കുടുംബത്തിനും നന്ദി പറയുന്നുവെന്നും ഫിഞ്ച് പറഞ്ഞു.

2021ലെ ടി20 ലോകകപ്പ് ജയവും 2015ല്‍ നടന്ന ഏകദിന ലോകകപ്പില്‍ കിരീടവും ഓസ്ട്രേലിയ സ്വന്തമാക്കിയത് ഫിഞ്ചിന്‍റ കീഴിലാണ്. ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും ഫിഞ്ചാണ്. 103 ടി20 മത്സരങ്ങളില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് 76 മത്സരങ്ങളില്‍ ടീമിനെ താരം നയിച്ചിട്ടുണ്ട്. 3120 റണ്‍സുമായി ഈ ഫോര്‍മാറ്റിലെ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്കോറര്‍ ആണ് ആരോണ്‍ ഫിഞ്ച്.

Latest News