Monday, November 25, 2024

ബുർക്കിന ഫാസോയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട അമേരിക്കൻ മിഷനറി സന്യാസിനി മോചിതയായി

ബുർക്കിന ഫാസോയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട അമേരിക്കൻ മിഷനറിസന്യാസിനി അഞ്ച് മാസത്തിന് ശേഷം മോചിതയായി. അമേരിക്കയിലെ ന്യൂ ഓർലിയൻസ് സ്വദേശിയായ 83 വയസുള്ള സി. സുല്ലെൻ ടെന്നിസണെയാണ് മോചിതയാക്കപ്പെട്ടത്. സിസ്റ്റർ 2014 മുതൽ വടക്കൻ ബുർക്കിനാ ഫാസോയിലെ ഒരു മിഷനറി ഔട്ട്‌പോസ്റ്റിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

ഏപ്രിൽ അഞ്ചിന് മറ്റ് രണ്ട് സഹോദരിമാരോടൊപ്പം താമസിക്കുമ്പോൾ ആണ് അവരെ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോകപ്പെടുമ്പോൾ സിസ്റ്ററിന്റെ കണ്ണടയും രക്തസമ്മർദ്ദത്തിനുള്ള മരുന്നും എടുത്തിരുന്നില്ല. സി. ടെന്നിസൺ ഇപ്പോൾ സുരക്ഷിതയാണെന്നും യു.എസ് അധികാരികളുടെ അടുത്താണെന്നും മരിയാനൈറ്റ് സഭാ നേതാവ് സിസ്റ്റർ ആൻ ലാക്കോർ ഓഗസ്റ്റ് 30-ന് സ്ഥിരീകരിച്ചു. സിസ്റ്ററിന് വേണ്ടി എഫ്ബിഐ മിസ്സിംഗ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച വരെ സിസ്റ്റർ എവിടെയാണെന്നോ, ഏത് സാഹചര്യത്തിലാണെന്നോ ഒരു അറിവും ഉണ്ടായിരുന്നില്ല.

നിലവിൽ സി. ടെന്നിസൺ സുരക്ഷിതമായ സ്ഥലത്താണ്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല.” ആഗസ്റ്റ് 31-ന് കായയിലെ ബിഷപ്പ് തിയോഫിൽ നരെ പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു. മൂന്ന് മരിയാനൈറ്റ് സഹോദരിമാർ അന്ന് ബുർക്കിന ഫാസോയിലെ വീട്ടിൽ താമസിച്ചിരുന്നുവെങ്കിലും, അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ തട്ടിക്കൊണ്ടുപോയത് സി. ടെന്നിസനെ മാത്രമായിരുന്നു. ക്യൂബെക്കിൽ നിന്നുള്ള നഴ്‌സായ സിസ്റ്റർ പോളിൻ ഡ്രൂയിനും ബുർക്കിന ഫാസോയിൽ നിന്നുള്ള സിസ്റ്റർ പാസ്കലിൻ ടൗഗ്മയ്ക്കും ആക്രമണത്തിൽ പരിക്കില്ല.

അമേരിക്കൻ സ്‌പെഷ്യൽ ഓപ്പറേഷൻ ഫോഴ്‌സ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നോ അതിനടുത്തുള്ള സ്ഥലങ്ങളിൽ നിന്നോ അടുത്തിടെ ബന്ദികളെ വീണ്ടെടുത്തതായി യുഎസ് സൈന്യം ചൊവ്വാഴ്ച വെളിപ്പെടുത്തി. എന്നാൽ സി. ടെന്നിസന്റെ മോചനത്തിൽ യുഎസ് സേനയ്ക്ക് പങ്കുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Latest News