Monday, November 25, 2024

ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായ ഫിലിപ്പീന്‍സില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം സ്ത്രീകള്‍ ജീവന്‍ പണയം വച്ച് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്

ഭൂരിപക്ഷ കത്തോലിക്കാ രാജ്യവും മുന്‍ അമേരിക്കന്‍ കോളനിയുമായ ഫിലിപ്പീന്‍സില്‍ ഒരു നൂറ്റാണ്ടിലേറെയായി ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. ഈ നിയമപ്രകാരം, ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഗര്‍ഭച്ഛിദ്രം നടത്തുകയോ അതിന് സഹായം നല്‍കുകയോ ചെയ്താല്‍ പിടിക്കപ്പെടുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഭരണകൂടത്തിന്റെ കടുത്ത ശിക്ഷയ്ക്ക് വിധേയരാകുന്നു.

ബലാത്സംഗം പോലുള്ള ഗുരുതരമായ കേസുകളില്‍ പോലും ഗര്‍ഭധാരണം അവസാനിപ്പിക്കുന്നതിന് വ്യക്തമായ ഇളവുകളൊന്നുമില്ലെന്ന് ഫിലിപ്പൈന്‍ സേഫ് അബോര്‍ഷന്‍ അഡ്വക്കസി നെറ്റ്വര്‍ക്കിന്റെ (പിന്‍സാന്‍) വക്താവായ അഭിഭാഷക ക്ലാര റീത്ത പാഡില്ല പറഞ്ഞു. ഫിലിപ്പീന്‍സില്‍, പക്ഷേ പല സ്ത്രീകളും അപകടസാധ്യതകള്‍ കണക്കിലെടുക്കാതെ, ഗര്‍ഭച്ഛിദ്രത്തിന് വിധേയരാകുന്നുണ്ട്.

2020-ല്‍ PINSAN നടത്തിയ ഒരു പഠനത്തില്‍, രാജ്യത്ത് 1.26 ദശലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നതായി കണ്ടെത്തി. ഫിലിപ്പീന്‍സ് സര്‍വ്വകലാശാലയുടെ മറ്റൊരു പഠനമനുസരിച്ച്, രാജ്യത്ത് ഓരോ വര്‍ഷവും 1.1 ദശലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നു.

ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകളില്‍ ഭൂരിഭാഗവും ദരിദ്രമായ സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നും പലരും 25 വയസ്സിന് താഴെയുള്ളവരാണെന്നും പാഡില്ല പറഞ്ഞു. നിയമപരമായ തടസമുള്ളതിനാല്‍ ഈ സ്ത്രീകള്‍ പലപ്പോഴും അപകടകരമായ രീതിയിലുള്ള ഗര്‍ഭച്ഛിദ്രത്തിലേക്ക് തിരിയുന്നു. മിഡ്വൈഫുകളും, താല്‍ക്കാലിക ക്ലിനിക്കുകളില്‍ പരിശീലനം ലഭിക്കാത്ത ഡോക്ടര്‍മാരുമൊക്കെയാണ് ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്നത്. ഇത് ഈ സ്ത്രീകളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണ്.

ഫിലിപ്പൈന്‍സിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ എന്ന നിലയില്‍ വര്‍ഷങ്ങളായുള്ള അനുഭവത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ഓപ്പറേഷനുകളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായിട്ടുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം പോലെ സങ്കീര്‍ണ്ണമോ അപകടകരമോ ആയ ഒന്നുമില്ല എന്നാണ് ഡോ. മിറിയം പറയുന്നത്. ഗര്‍ഭച്ഛിദ്രം നടത്തുമ്പോള്‍ വലിയ അപകടസാധ്യതകള്‍ മുന്നില്‍ കാണുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 23 നും 48 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ അവര്‍ നാല് ഗര്‍ഭഛിദ്രങ്ങള്‍ നടത്തി. എല്ലാം രഹസ്യമായി. കാരണം പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് മെഡിക്കല്‍ ലൈസന്‍സുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, മാത്രമല്ല കോടതിയില്‍ കുറ്റം ചുമത്തുകയും ചെയ്യും.

സഭയുടെ നിലപാട്

യുഎസിലെ ഗര്‍ഭച്ഛിദ്രാവകാശ പ്രവര്‍ത്തകര്‍ യുഎസ് സുപ്രീം കോടതിയുടെ തീരുമാനത്തെ രോഷത്തോടെ നേരിട്ടെങ്കിലും യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസങ്ങളിലോ ഇവാഞ്ചലിക്കല്‍ തത്വങ്ങളിലോ അധിഷ്ഠിതമായവര്‍ക്ക് റോയുടെ അന്ത്യം ഒരു രാഷ്ട്രീയ വിജയമായിരുന്നില്ല. അത് ഒരു ആത്മീയ വിജയമായിരുന്നു.

കത്തോലിക്കാ സഭയ്ക്ക് വലിയ അധികാരവും സ്വാധീനവും ഉള്ള ഫിലിപ്പീന്‍സിലും ഈ ആഹ്ലാദ ബോധം അനുഭവപ്പെട്ടു. ഗര്‍ഭച്ഛിദ്രം, വിവാഹമോചനം, ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം എന്നിവയെ പരസ്യമായി അപലപിക്കുന്ന പ്രാദേശിക സഭാ നേതാക്കളും ഗ്രൂപ്പുകളും സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

‘ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിനുള്ള യുഎസ് സുപ്രീം കോടതിയുടെ തീരുമാനം നല്ല വാര്‍ത്തയാണ്,’ ഫിലിപ്പീന്‍സിലെ കത്തോലിക്കാ സഭയുടെ പ്രാദേശിക ബിഷപ്പും പ്രീലേറ്റുമായ ക്രിസ്പിന്‍ വര്‍ക്വേസ്, ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇത് പരിശുദ്ധാത്മാവിനാല്‍ പ്രബുദ്ധമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, എത്ര വലിയ കളങ്കം ഉണ്ടായാലും, ചില സ്ത്രീകള്‍, ബാക്ക്സ്ട്രീറ്റ് എന്ന് വിളിക്കപ്പെടുന്നതോ നിയമവിരുദ്ധമായ ഗര്‍ഭച്ഛിദ്രങ്ങളോ അന്വേഷിച്ച് പോകാന്‍ നിര്‍ബന്ധിതരാകുന്നു.

ഒരു മാറ്റത്തിനുള്ള സമയമാണോ?

ഫിലിപ്പീന്‍സ് അതിന്റെ ഗര്‍ഭഛിദ്ര നിയമത്തിലെ ‘മനുഷ്യത്വരഹിതമായ വ്യവസ്ഥകള്‍’ ഒഴിവാക്കാനും അങ്ങനെ സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കണമെന്നും ഒരുകൂട്ടം വാദിക്കുന്നു. കാരണം ഈ നിയന്ത്രണങ്ങള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രത്തിലേക്ക് സ്ത്രീകളെ നയിക്കുന്നു. ഇത് നിരവധി ഫിലിപ്പീന്‍സ് സ്ത്രീകളുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ജനുവരിയില്‍ നടത്തിയ ഒരു അഭിമുഖത്തില്‍, അന്നത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്നത്തെ പ്രസിഡന്റുമായ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ പങ്കുവെക്കുകയും ‘ഗുരുതരമായ കേസുകളില്‍’ നിയമവിധേയമാക്കുമെന്ന് പറയുകയും ചെയ്തു. ‘(ഇരകള്‍) ബലാത്സംഗത്തിനിരയായെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ല അവരെ ഗര്‍ഭിണിയാക്കിയതെന്നും തെളിയിക്കാന്‍ കഴിയുമെങ്കില്‍, ഗര്‍ഭഛിദ്രം നടത്തണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം’. മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു.

സഭാ നേതാക്കളുടെ എതിര്‍പ്പിനെക്കാള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം മൂലമുണ്ടാകുന്ന മരണങ്ങളില്‍ താന്‍ കൂടുതല്‍ ആശങ്കാകുലനാണെന്നും അദ്ദേഹം പറഞ്ഞു. ‘അത് ഒരു സ്ത്രീയുടെ തീരുമാനമാണ്, കാരണം അത് അവളുടെ ശരീരമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭച്ഛിദ്രത്തോടുള്ള അദ്ദേഹത്തിന്റെ ഉദാരമായ മനോഭാവത്തെ അഭിഭാഷകരും നിയമനിര്‍മ്മാതാക്കളും സ്വാഗതം ചെയ്തിരുന്നു.

ഫിലിപ്പൈന്‍ സ്ത്രീകളും കുടുംബങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത് ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമല്ലാതാക്കാനും ഞങ്ങളുടെ നിയമങ്ങള്‍ പരിഷ്‌കരിക്കാനും ഇത് പ്രതീക്ഷ നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.

 

 

Latest News