Saturday, November 23, 2024

മതനിന്ദാനിയമ ദുരുപയോഗം: പാക്കിസ്ഥാനിൽ മകളെ സംരക്ഷിച്ചതിന്റെപേരിൽ പിതാവ് അറസ്റ്റിൽ

പാക്കിസ്ഥാനില്‍ നിന്നും മതപീഡനത്തിന്റെ ഒരു പുതിയ സംഭവം പുറത്തുവരുന്നു. മകളെ സംരക്ഷിച്ചതിന് അപ്പനെ അറസ്റ്റ് ചെയ്ത സംഭവം ഇങ്ങനെയാണ്.

13 വയസ്സുള്ള ക്രിസ്തുമത വിശ്വാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂര്‍വം ഇസ്ലാം മതത്തില്‍ ചേര്‍ക്കുകയും തുടര്‍ന്ന് മുസ്ലിം യുവാവുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടി അവിടെനിന്നും രക്ഷപെട്ട് തിരികെയെത്തിയപ്പോൾ മകൾക്ക് സംരക്ഷണം ഒരുക്കിയതിനും, പെൺകുട്ടി ഇപ്പോൾ എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താത്തതിനും ക്രൈസ്തവനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഷക്കീൽ മസിഹ് എന്ന ക്രൈസ്തവ യുവാവാണ് അറസ്റ്റിലായത്. ഭൂരിപക്ഷ മുസ്ലീം രാഷ്ട്രമായ പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്.

2024 മാർച്ച് 13 നാണ് റോഷനി ഷക്കീൽ എന്ന പെൺകുട്ടിയെ അവളുടെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഒരു ഇമാമിന്റെ ഒത്താശയോടെ പ്രാദേശിക അധികാരികൾ റോഷനിയെ നിർബന്ധിത മതപരിവർത്തനം നടത്തിയതായി പറയപ്പെടുന്നു. 13 വയസ്സുള്ള പെൺകുട്ടിക്ക് 18 വയസ്സുള്ളതായി രജിസ്റ്റർ ചെയ്യുകയും അവളുടെ പേര് സെഹ്‌റ എന്ന് മാറ്റുകയും ചെയ്തു. 28 കാരനായ മുഅസ്സം മഷർ പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിക്കുകയായിരുന്നു.

തന്നെ വിൽക്കാൻ തീരുമാനിക്കുന്നതറിഞ്ഞ പെൺകുട്ടി രക്ഷപെട്ട് തന്റെ വീട്ടിലെത്തി. താമസിയാതെ, മുൾട്ടാൻ പൊലീസ് പെൺകുട്ടിയെ തിരിച്ച് മഷറിന്റെ അടുത്തെത്തിക്കാൻ ശ്രമിച്ചു. എന്നാൽ, മകളെ കൈമാറാനോ, അവൾ എവിടെയാണെന്ന് വെളിപ്പെടുത്താനോ പെൺകുട്ടിയുടെ പിതാവ് ഷക്കീൽ മസിഹ് തയ്യാറായില്ല. തുടർന്ന് മസിഹിനെ അറസ്റ്റ് ചെയ്യുകയും കുറ്റസമ്മതം നടത്താനായി പൊലീസ് അകാരണമായി മർദിക്കുകയും ചെയ്തു.

ഈ സാഹചര്യത്തെ ന്യൂനപക്ഷ അവകാശ അഭിഭാഷകൻ ജോസഫ് ജാൻസൻ അപലപിച്ചു. “ശൈശവ വിവാഹങ്ങളും മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും കോടതികൾ പലപ്പോഴും സാധൂകരിക്കുന്നു. തട്ടിക്കൊണ്ടുപോയവരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനുപകരം അവരെ പീഡകരുടെ  കൂടെ നിർത്താൻ മതനിയമം ദുരുപയോഗം ചെയ്യുന്നു” – അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News