സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ഏപ്രില്‍ ഒന്ന് മുതല്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ബയോമെട്രിക് ഹാജര്‍ സംവിധാനവുമായി ബന്ധിപ്പിക്കും. പൊതുഭരണവകുപ്പിനാണ് പദ്ധതി നിര്‍വ്വഹണത്തിന്റെ ചുമതല.
പുതിയ സംവിധാനം നടപ്പാക്കിയാല്‍ പഞ്ച് ചെയ്തു ജോലിയില്‍ പ്രവേശിച്ച ശേഷം പുറത്തിറങ്ങുമ്പോഴും കയറുമ്പോഴും വീണ്ടും പഞ്ച് ചെയ്യണം. ഇതുവഴി ഒരു ജീവനക്കാരന്‍ എത്ര സമയം ഓഫീസിലുണ്ടായിരുന്നു എന്ന് അറിയാനാവും. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാര്‍ഡിന് പകരം പുതിയ കാര്‍ഡ് നിലവില്‍ വരും. ജോലിക്കിടെ പുറത്തിറങ്ങി അരമണിക്കൂറിന് ശേഷമാണ് തിരിച്ചെത്തിയതെങ്കില്‍ അത്രയും സമയം ജോലി ചെയ്തില്ലെന്ന് രേഖപ്പെടുത്തും. അല്ലെങ്കില്‍ മതിയായ കാരണം ബോധിപ്പിക്കണം.