നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുവീണു ഉത്തരാഖണ്ഡിൽ അപകടം. സംഭവത്തിൽ 36 പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഉത്തരകാശി ജില്ലയിൽ ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിലെ സിൽക്യാരയിൽ നിന്ന് ദണ്ഡൽഗാവിനെ ബന്ധിപ്പിക്കുന്ന തുരങ്കം ശനിയാഴ്ച രാത്രി തകർന്നുവീഴുകയായിരുന്നു. സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് 200 മീറ്റർ മുന്നിലാണ് തുരങ്കം തകർന്നതെന്ന് ഉത്തരകാശി എസ്പി അർപൺ യദുവൻഷി അറിയിച്ചു. രാത്രി വൈകി നിർമ്മാണം തുടരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വെർട്ടിക്കൽ ഡ്രില്ലിംഗ് മെഷീനുകകൾ ഉപയോഗിച്ച് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ മുറിച്ചുമാറ്റുകയും ഓക്സിജൻ പൈപ്പുകൾ ഉള്ളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ നിന്ന് മുഴുവൻ തൊഴിലാളികളെയും ഒഴിപ്പിക്കാൻ 2-3 ദിവസമെടുക്കുമെന്നാണ് എച്ച്‌ഐഡിസി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.