പ്രശസ്ത കവയിത്രിയും ആക്ടിവിസ്റ്റും എഴുത്തുകാരിയും പ്രൊഫസറുമായ നിക്കി ജിയോവന്നി അന്തരിച്ചു. 81 വയസ്സായിരുന്നു അവർക്ക്. ഡിസംബർ ഒൻപതാം തീയതിയാണ് നിക്കി ജിയോവന്നി അന്തരിച്ചതെന്ന് സുഹൃത്തും സഹ എഴുത്തുകാരിയുമായ റെനീ വാട്സൺ പ്രസ്താവനയിൽ വെളിപ്പെടുത്തി.
പൗരാവകാശങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ – പ്രത്യേകിച്ച് ലിംഗഭേദം, വംശം എന്നിവയെക്കുറിച്ചുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് പേരുകേട്ട കവിതകൾ, ഉപന്യാസങ്ങൾ, ആന്തോളജികൾ എന്നിവയും പത്തോളം കുട്ടികൾക്കായുള്ള പുസ്തകങ്ങളും നിക്കി ജിയോവന്നിയുടേതായി ഉണ്ട്. വിർജീനിയ ടെക്കിന്റെ വെബ്സൈറ്റിലെ ഒരു പ്രൊഫൈൽ അനുസരിച്ച്, 1987 മുതൽ ഇംഗ്ലീഷ് വകുപ്പിലും ഫാക്കൽറ്റിയിലും റിട്ടയർ പ്രൊഫസറായിരുന്നു. ഡോക്യുമെന്ററി ഫിലിം മേക്കിംഗിലെ ഇവരുടെ നിലവാരം കണക്കിലെടുത്ത് 2024 ലെ എമ്മി പുരസ്കാരം നൽകിയിരുന്നു.
നിക്കിയുടെ ഏറ്റവും പുതിയ കവിതാസമാഹാരമായ ദി ലാസ്റ്റ് ബുക്ക് 2025 അവസാനത്തോടെ പ്രസിദ്ധീകരിക്കും. 943 ജൂൺ ഏഴിന് ടെന്നസിയിലെ നോക്സ്വില്ലെയിൽ ജനിച്ച യോലാൻഡെ കോർണേലിയ ‘നിക്കി’ ജിയോവന്നി 1967 ൽ ഫിസ്ക് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി.
“എന്റെ സ്വപ്നം എഴുത്തുകാരിയാകാനായിരുന്നില്ല. മറ്റാരും ചിന്തിച്ചിട്ടില്ലാത്ത എന്തെങ്കിലും കണ്ടെത്തുക എന്നതായിരുന്നു എന്റെ സ്വപ്നം. അതുകൊണ്ടാണ് ഞാൻ ഒരു കവിയായത് എന്ന് തോന്നുന്നു. മറ്റാരും ചെയ്യാത്ത വിധത്തിൽ ഞങ്ങൾ കാര്യങ്ങൾ ഒരുമിച്ച് ചേർക്കുന്നു” – ജിയോവന്നി തന്റെ വെബ്സൈറ്റിൽ ഒരു ഹ്രസ്വ ജീവചരിത്രത്തിൽ എഴുതി.