Saturday, April 12, 2025

ആസിഡ് വിൽപ്പന: ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്

ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിന് പ്രമുഖ ഇ കോമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. അടുത്തിടെ ഡൽഹിയിലെ ദ്വാരകയിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതിന് പിന്നാലെയാണ് നടപടി.

ആക്രമണത്തിന് ഉപയോഗിച്ച ആസിഡ് പ്രതികൾ വാങ്ങിയത് ഫ്ലിപ്പ്കാർട്ടിൽ നിന്നാണെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. പിന്നാലെ ഡൽഹി പോലീസും , വ്യാഴാഴ്ച വനിതാ കമ്മീഷനും ഫ്ലിപ്കാർട്ടിന് നോട്ടീസ് അയച്ചിരുന്നു. ” ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മീഷോ എന്നീ രണ്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങളുടെ പേരിൽ സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാൻ സ്ഥാപനങ്ങൾക്ക് ഏഴ് ദിവസം സമയം നൽകിയിട്ടുണ്ട്. ” ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കൊറോസിവ് ആസിഡുകളുടെ ഓൺലൈൻ വില്പനയെക്കുറിച്ചുള്ള പരിശോധനയിലാണ് സുപ്രീം കോടതി നിർദേശങ്ങളും ആഭ്യന്തര മന്ത്രാലയം നൽകുന്ന നിർദേശങ്ങളും ലംഘിച്ച് ആസിഡ് വിൽക്കുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച ഡൽഹിയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ നിരോധനങ്ങൾ നിലനിൽക്കെ വിപണിയിൽ ആസിഡ് ലഭ്യമാകുന്നതിനെ സംബന്ധിച്ച് അനവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.

Latest News