സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനായുള്ള പ്രവര്‍ത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ മോഡല്‍ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. നടപടികള്‍ സ്വീകരിച്ച ശേഷം സംസ്ഥാന പോലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
തോട്ടടയില്‍ വിവാഹവീടിനു സമീപം ബോംബ് പൊട്ടി ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന സംഘര്‍ഷങ്ങള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്നു കമ്മീഷന്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ഇത്തരം വിനോദങ്ങള്‍ ജീവന്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയിലെത്തിയത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലേക്ക് ഇത്തരം പ്രവണതകള്‍ വളരുന്ന പശ്ചാത്തലത്തില്‍ അതിശക്തമായ നടപടികള്‍ അനിവാര്യമായി മാറിയിരിക്കുകയാണെന്ന് കെ ബൈജു നാഥ് ഉത്തരവില്‍ പറഞ്ഞു.