ഫയല്‍വാന്‍ വാസുപിള്ള എന്ന കഥാപാത്രമായി ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ച നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മൂന്നാർ മറയൂരിലെ മകളുടെ വീട്ടിൽ വിശ്രമത്തില്‍ കഴിയവെയാണ് അന്ത്യം.
800ഓളം സിനിമകളിലും 4000ത്തോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ട പൂജപ്പുര രവി ഹാസ്യ വേഷങ്ങളിലൂടയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്. വേലുത്തമ്പി ദളവ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് വെള്ളിത്തിരയിൽ രവി അരങ്ങേറ്റം കുറിച്ചത്. നായാട്ട്, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളിൽ പൂജപ്പുര രവി തന്റെ സാന്നിധ്യമറിയിച്ചു.
‘അമ്മിണി അമ്മാവൻ’ എന്ന ചിത്രത്തിലെ വേഷമാണ് രവിയെ മലയാള ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത് . 2016ൽ ‘ഗപ്പി’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഇതിനു ശേഷവും ചില അവസരങ്ങൾ തേടി വന്നിരുന്നു. എസ്.എൽ.പുരം സദാനന്ദന്റെ ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിൽ ‘ബീരാൻകുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ച രവിയുടെ ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ രസിപ്പിച്ചിരുന്നു.
ജന്മ നാടിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്നു രവി വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരികുമാർ അയര്‍ലന്റിലേക്ക് പോയതോടെയാണ് പൂജപ്പുരയില്‍ നിന്നും മൂന്നാറിലേക്ക് താമസം മാറിയത്.