നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വധഗൂഢാലോചനാ കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ജാമ്യത്തിന് കര്‍ശന ഉപാധികള്‍ വയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി അംഗീകരിച്ചില്ല.
പ്രതി അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണെന്നതും വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്നതില്‍ വ്യക്തതയില്ലാത്തതും സുപ്രീംകോടതി പരിഗണിച്ചു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യം നല്‍കിയത്.
അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. നടി ആക്രമിക്കപ്പെടുന്ന വേളയില്‍ മാര്‍ട്ടിന്‍ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്. രണ്ടാം പ്രതിയായ മാര്‍ട്ടിനായിരുന്നു കേസില്‍ ആദ്യമായി അറസ്റ്റിലായത്.
ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്നും ഇയാളാണ് നടിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നുമാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍, താന്‍ നിരപരാധിയാണെന്നും തന്നെ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേസിലെ ഇരയാണെന്നുമാണ് മാര്‍ട്ടിന്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നത്.