Thursday, May 15, 2025

ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം; കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായി അധിക ചുമതല

മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ടാണ് നിയമനം. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍. കെ.എം.എസ്.സി.എല്‍ എംഡി സ്ഥാനത്ത് നിന്നും ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നല്‍കിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തുവച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. അന്ന് സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അപകടം നടക്കുമ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ശ്രീറാം നല്‍കിയ വിശദീകരണം. ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. പിന്നാലെ ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തു. 6 മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരു ദിവസം പോലും ജയിലില്‍ കഴിയാതെ ആശുപത്രിയില്‍ താമസത്തിന് അവസരമൊരുക്കി.

ലോക്കല്‍ പോലീസില്‍ നിന്നും പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും പല തവണയും സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശ്രീറാമിന് അനുകൂലമായിരുന്നു. ഇതിനിടെ ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരം ശ്രീറാമിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. ഇതിനിടെ രണ്ട് തവണ കോടതി നോട്ടീസ് നല്‍കിയെങ്കിലും ശ്രീറാമും വഫയും ഹാജരായില്ല.

അപകടം ഉണ്ടായ നഗരമധ്യത്തിലെ മ്യൂസിയം സ്റ്റേഷന്‍ പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതായിരുന്നു കേസിലെ മറ്റൊരു തിരിച്ചടി. ഇതിനിടെ ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കി. 2020 മാര്‍ച്ചിലാണ് ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ കോവിഡ് 19 സ്‌പെഷ്യല്‍ ഓഫീസറായി ആരോഗ്യവകുപ്പില്‍ തിരികെ ജോലിക്കെടുത്തത്. 2021ല്‍ കോവിഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ നിയമിച്ചു. ഇപ്പോള്‍ വീണ്ടും അധിക ചുമതല നല്‍കിയിരിക്കുകയാണ്.

 

 

Latest News