സൂര്യനെക്കുറിച്ചു പഠിക്കുന്ന ആദ്യ ബഹിരാകാശദൗത്യത്തിന് ഇന്ത്യ സജ്ജമായതായി ഐ.എസ്.ആർ.ഒയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ ഭാഗമായി ആദിത്യ-എൽ 1 ദൗത്യപേടകം വിക്ഷേപണകേന്ദ്രമായ ശ്രീഹരിക്കോട്ടയിലെത്തിച്ചു. പി.എസ്.എൽ.വി-സി 57 എന്ന വിക്ഷേപണവാഹനത്തില്‍ ആഗസ്റ്റ് അവസാനമോ, സെപ്റ്റംബർ ആദ്യമോ പരീക്ഷിക്കാമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ.
“ആദിത്യ-എൽ 1 സൂര്യനെക്കുറിച്ചു പഠിക്കുന്നതിനായി വിക്ഷേപണത്തിന് തയാറെടുക്കുകയാണ്. ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റ്ലൈറ്റ് സെന്ററിൽ (യു.ആർ.എസ്.സി) സജ്ജമായ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ എസ്.ഡി.എസ്.സി – എസ്.എച്ച്.എ.ആറിൽ (സ്പേസ് പോർട്ട്) എത്തി” – ഐ.എസ്.ആർ.ഒ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സൂര്യനെക്കുറിച്ചു പഠിക്കുന്നതിനായുള്ള ഇന്ത്യയുടെ പ്രഥമദൗത്യമാണ് ആദിത്യ-എൽ 1. കൊറോണൽ മാസ് ഇജക്ഷനുകളുടെ ചലനശക്തി, ഉത്ഭവം, ഉറവിടം, ഭൂമി-സൂര്യൻ സിസ്റ്റത്തിന്റെ ആദ്യത്തെ ലഗ്രാഞ്ച് പോയിന്റ് (എൽ 1) എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠിക്കാനാണ് പേടകം വിക്ഷേപിക്കുന്നത്. ഭൂമിക്കും സൂര്യനുമിടയിലുള്ള അഞ്ച് ലഗ്രാഞ്ച് പോയിന്റുകളിൽ ആദ്യത്തേതിലാണ് (ലഗ്രാഞ്ച് പോയിന്റ് 1 അഥവാ എൽ 1) പേടകത്തെ സ്ഥാപിക്കുക. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ഇവിടെ നിന്ന് പേടകത്തിന് സൂര്യനെ തടസ്സം കൂടാതെ നിരീക്ഷിക്കാൻ സാധിക്കും. സൗരോർജ്ജപ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കും.