Sunday, December 22, 2024

ആദിത്യ-എൽ 1 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കും

ഇന്ത്യയുടെ ആദ്യ സൗരപഠനദൗത്യമായ ആദിത്യ-എൽ 1 വിക്ഷേപണത്തിനു സജ്ജമായതായി ഐ.എസ്.ആർ.ഒ. സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പി.എസ്.എൽ.വി റോക്കറ്റിലാണ് വിക്ഷേപണം. ആഗസ്റ്റ് അവസാനമോ, സെപ്റ്റംബർ ആദ്യമോ ആദിത്യ-എൽ 1 വിക്ഷേപിക്കുമെന്ന് നേരത്തെ ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നു.

ശനിയാഴ്ച രാവിലെ 11.50-നാണ് സൗരപഠനദൗത്യത്തിന്റെ പരീക്ഷണ വിക്ഷേപണം. ഇതിനായി ദൗത്യവാഹനമായ പി.എസ്.എൽ.വിയുടെ എക്സ്.എല്‍ വേരിയേഷന്റെ ആന്തരികപരിശോധനയും വിക്ഷേപണ റിഹേഴ്സലും പൂര്‍ത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു. സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുമാണ് ആദിത്യ-എൽ 1 ന്റെയും വിക്ഷേപണം.

സൂര്യനെക്കുറിച്ചു പഠിക്കുന്നതിനായുള്ള ഇന്ത്യയുടെ പ്രഥമദൗത്യമാണ് ആദിത്യ-എൽ 1. കൊറോണൽ മാസ് ഇജക്ഷനുകളുടെ ചലനശക്തി, ഉത്ഭവം, ഉറവിടം, ഭൂമി-സൂര്യൻ സിസ്റ്റത്തിന്റെ ആദ്യത്തെ ലഗ്രാഞ്ച് പോയിന്റ് (എൽ 1) എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠിക്കാനാണ് പേടകം വിക്ഷേപിക്കുന്നത്. ഭൂമിക്കും സൂര്യനുമിടയിലുള്ള അഞ്ച് ലഗ്രാഞ്ച് പോയിന്റുകളിൽ ആദ്യത്തേതിലാണ് (ലഗ്രാഞ്ച് പോയിന്റ് 1 അഥവാ എൽ 1) പേടകത്തെ സ്ഥാപിക്കുക. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ഇവിടെനിന്ന് പേടകത്തിന് സൂര്യനെ തടസ്സംകൂടാതെ നിരീക്ഷിക്കാൻ സാധിക്കും. സൗരോർജ്ജപ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കും.

Latest News