Tuesday, November 26, 2024

‘ആദിത്യ എൽ1’; കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും, വിക്ഷേപണം നാളെ‌

ഇന്ത്യയുടെ സൗരപഠന ദൗത്യമായ ‘ആദിത്യ എൽ1’ ന്‍റെ കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. നാളെ (സെപ്റ്റംബര്‍ 2) രാവിലെ 11.50നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പേടകം വിക്ഷേപിക്കുക.

‘ആദിത്യ എൽ1’ ദൗത്യത്തിന്‍റെ ലോഞ്ച് റിഹേഴ്സൽ പൂർത്തിയായതായി ഐഎസ്ആർഒ ബുധനാഴ്ച അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കൗണ്ട്ഡൗൺ ആരംഭിക്കുന്നത്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പി.എസ്.എൽ.വി റോക്കറ്റില്‍ തന്നെയാണ് ആദിത്യ എൽ1 പേടകത്തിന്‍റേയും വിക്ഷേപണം.

പേടകത്തെ 15 ലക്ഷം കിലോമീറ്റർ ദൂരത്തിലുള്ള ല​ഗ്രാഞ്ജിയൻ പോയിന്റിലെത്തിച്ച് സൂര്യനെ തുടർച്ചയായി വീക്ഷിക്കുക എന്നതാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഹാലോ ഓർബിറ്റിൽ സ്ഥിതി ചെയ്യുന്ന ല​ഗ്രാഞ്ജിയൻ പോയിന്റിൽ നിന്ന് സൂര്യനെ തടസ്സങ്ങളില്ലാതെ നിരീക്ഷിക്കാം. മറ്റ് ​ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഒന്നും പേടകത്തിന് മുന്നിലൂടെ കടന്നു പോകില്ല എന്നതുകൊണ്ടാണ് ല​ഗ്രാഞ്ജിയൻ പോയിന്‍റ് നിരീക്ഷണത്തിനായി തിരഞ്ഞെടുക്കാന്‍ കാരണം. അവിടെ നിന്ന് വിവിധ പഠനങ്ങൾ നടത്താനാണ് ഇന്ത്യൻ ബഹിരാകാശ ​ഗവേഷണ സംഘടനയായ ഐഎസ്ആർഒ ഉദ്ദേശിക്കുന്നത്. അഞ്ച് വർഷവും രണ്ടു മാസവും നീണ്ടു നിൽ‌ക്കുന്നതാണ് ആദിത്യ എൽ‌1 ദൗത്യം.

അതേസമയം, നിൽവിൽ സൂര്യനെ ചുറ്റുന്ന ഏക പേടകം അമേരിക്കൽ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ്. സോളാർ പാർക്കർ പ്രോബ് എന്ന ഈ പേടകം വിക്ഷേപിച്ചത് 2018 ലാണ്. പല തവണ ഈ പേടകം സൂര്യന് അടുത്തായി വന്നിരുന്നെങ്കിലും ഏറ്റവും അടുത്തെത്തുക 2025 ഓടെയാകും.

Latest News