ട്രംപ് ഭരണകൂടം വിദേശ സഹായ പദ്ധതികൾ വെട്ടിക്കുറച്ചതിനെ തുടർന്ന് തിരികെ നാട്ടിലേക്ക് പോകാൻ നിർബന്ധിതരായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിദ്യാർത്ഥിനികൾ. പഠനത്തിനായി താലിബാനിൽ നിന്നും ഒമാനിലേക്ക് പലായനം ചെയ്ത അഫ്ഗാൻ സ്ത്രീകളാണ് യുഎസ്എഐഡി വെട്ടിക്കുറക്കലുകളെ തുടർന്ന് മടങ്ങി വരവിനെ അഭിമുഖീകരിക്കുന്നത്. 80തോളം അഫ്ഗാൻ സ്ത്രീകളുടെ വിദ്യാഭ്യാസമാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.
യുഎസ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്മെന്റ് (സുഎസ്എഐഡി) ധനസഹായത്തോടെയാണ് അഫ്ഗാൻ സ്ത്രീകൾ പഠനത്തിനായി ഒമാനിൽ എത്തിയത്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനസഹായം മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഇവർ തിരികെ നാട്ടിലേക്ക് പോകാൻ നിർബന്ധിതരായിരിക്കുന്നത്. തങ്ങളെ നാട്ടിലേക്ക് അയക്കുന്നത് ഹൃദയഭേദകമായ കാര്യമാണെന്നും, എല്ലാവരും ഞെട്ടലിൽ ആണെന്നും, രണ്ടാഴ്ചക്കുള്ളിൽ തിരിച്ചയക്കപ്പെടുമെന്നുമാണ് ഒരു വിദ്യാർത്ഥി പറഞ്ഞത്.
താലിബാൻ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരുന്നത്. സർവ്വകലാശാലയിൽ നിന്നും അവരെ വിലക്കുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങളുടെ ഭാഗമായിരുന്നു. അതിനാൽ തന്നെ തങ്ങളെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയയ്ക്കുന്ന ഒരുക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ അഭ്യർത്ഥിക്കുന്നത്. ‘ഞങ്ങളുടെ വിദ്യാഭ്യാസം തുടരാൻ കഴിയുന്ന സുരക്ഷിതമായ ഒരു രാജ്യത്തേക്ക് അടിയന്തര സംരക്ഷണം, സാമ്പത്തിക സഹായം, പുനരധിവാസ അവസരങ്ങൾ ഒരുക്കണം’ എന്ന് വിദ്യാർത്ഥിനികൾ പറയുന്നു.