Monday, November 25, 2024

കാഞ്ചനക്കൂട്ടിലെ അഫ്ഗാൻ പെൺകൊടികൾ

“എനിക്ക് എങ്ങനെ പ്രതികരിക്കാനാകും? പഠിക്കാനും എന്റെ ഭാവി മാറ്റാനും അല്ലെങ്കിൽ എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരാനും കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ, അവർ അത് നശിപ്പിച്ചു” – അഫ്ഗാനിസ്ഥാനിൽ, ഉയർന്ന വിദ്യാഭ്യാസം സ്വപ്നം കണ്ട ഒരു പെൺകുട്ടിയുടെ വാക്കുകളാണ് ഇത്. ഈ പെൺകുട്ടി അനേകം സ്ത്രീകളുടെ പ്രതിനിധിയാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീസമൂഹത്തെ സംബന്ധിച്ചിടത്തോളം എന്നെങ്കിലും ഒരിക്കൽ ആഗതമാകുന്ന നല്ല നാളുകളിലേക്കുള്ള അവരുടെ ഏക പിടിവള്ളിയായിരുന്നു ഉന്നതവിദ്യാഭ്യാസം. ആ സ്വപ്നങ്ങളാണ് താലിബാൻ തകർത്തത്.

താലിബാൻ തിരിച്ചുവന്നതു മുതൽ അഫ്ഗാനിസ്ഥാനിലുടനീളം പെൺകുട്ടികളും സ്ത്രീകളും ഭയപ്പെട്ടിരുന്ന ഒരു ഉത്തരവായിരുന്നു സർവ്വകലാശാലയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനവിലക്ക്. ബുധനാഴ്ച ഹിജാബ് ധരിച്ച പെൺകുട്ടികളെ താലിബാൻ ഗാർഡുകൾ തടയുകയും യൂണിവേഴ്‌സിറ്റി കാമ്പസുകളിൽ നിന്നും തിരിച്ചയക്കുകയും ചെയ്തതോടെ ആ ഭീകരനിയമം യാഥാർത്ഥ്യമായിത്തുടങ്ങി. അതുവരെ പ്രതീക്ഷയോടെ കോളേജുകളിലേക്കു പൊയ്ക്കൊണ്ടിരുന്ന അനേകം സ്ത്രീകളുടെ സ്വപ്നങ്ങൾക്കുമേൽ തീർത്ത താങ്ങാൻ കഴിയാത്ത ഒരു പ്രഹരമായിരുന്നു ഈ പ്രവേശനവിലക്ക്.

താലിബാന്റെ നടപടികൾ പടിപടിയായി ആയിരുന്നു. കഴിഞ്ഞ പതിനാറു മാസത്തിനിടെ ഹൈസ്കൂളുകളിൽ നിന്നും പെൺകുട്ടികളെ പടിയിറക്കിയ അവർ പിന്നീട് സർവ്വകലാശാല തലത്തിൽ നിന്നും യുവതികളെ പുറത്താക്കുകയായിരുന്നു. ഒരുപക്ഷേ, സ്വപ്നങ്ങളെ മൂടോടെ പിഴുതെറിയുക എന്ന നയമായിരുന്നിരിക്കാം താലിബാൻ ഈ കാര്യത്തിൽ സ്വീകരിച്ചിരുന്നത്. ഏതാണ്ട് ആഴ്ചകൾക്കു മുൻപേ തന്നെ ജിം, പാർക്ക് പോലുള്ള പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്ക് താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വടക്ക് തഖർ, തെക്ക്-കിഴക്ക് ഗസ്‌നി, തലസ്ഥാനമായ കാബൂൾ എന്നിടങ്ങളിലുള്ള സ്വകാര്യ സ്‌കൂൾ – കോളേജ് സ്ഥാപനങ്ങളിൽ നിന്ന് സ്ത്രീകളെയും പെൺകുട്ടികളെയും പൂർണ്ണമായും മാറ്റിനിർത്തിയതായി ബിബിസി വെളിപ്പെടുത്തുന്നു. “എന്നെ ഭാവിയുമായി ബന്ധിപ്പിക്കുന്ന ഏക പാലമായിരുന്നു സർവ്വകലാശാലാ പഠനം. അവർ അതും തകർത്തു” – കബൂർ സർവ്വകലാശാലയിൽ നിന്നുമുള്ള യുവതിയുടെ വാക്കുകളിൽ രോഷം നിറയുന്നു.

പലപ്പോഴും താലിബാനോടുള്ള ഭയം മൂലം പ്രതിഷേധിക്കാൻ പോലും ആളുകൾ തയ്യാറല്ല. എങ്കിലും ഈ വിധിയോടെ അതിനെതിരെ പ്രതികരിക്കാൻ കുറച്ച് സ്ത്രീകൾ തയ്യാറായിരുന്നു.

മൂന്നു മാസം മുൻപ് വരെ കാര്യങ്ങൾ കുറച്ചൊക്കെ പ്രതീക്ഷയുള്ളതായിരുന്നു. സർവ്വകലാശാലകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയിൽ ആയിരക്കണക്കിന് പെൺകുട്ടികളാണ് പങ്കെടുത്തത്. ഇതിൽ പലരും രഹസ്യമായ മാർഗ്ഗങ്ങളിലൂടെ പഠനം തുടർന്നവരായിരുന്നു. എന്നാൽ ഈ പ്രവേശനപരീക്ഷ താലിബാന്റെ ഒരു തന്ത്രമായിരുന്നു എന്ന തോന്നലാണ് ഇവർക്ക്. അല്ലാതെ ഇത്രയും പെട്ടന്ന് സർവ്വകലാശാലകളിലേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് എത്തുമായിരുന്നില്ല.

“ഞങ്ങൾ എന്തിന് എപ്പോഴും ഇരയാകണം? അഫ്ഗാനിസ്ഥാൻ ഒരു ദരിദ്രരാജ്യമാണ്. എന്നാൽ ഈ രാജ്യത്തെ സ്ത്രീകൾ മറ്റെല്ലാ പ്രശ്‌നങ്ങൾക്കൊപ്പം ദാരിദ്ര്യവും സ്വീകരിച്ചു. അവർ ഇപ്പോഴും കഷ്ടപ്പെടുകയാണ്” – അഫ്ഗാനിസ്ഥാനിലെ ഒരു സ്ത്രീയുടെ വാക്കുകളിൽ തങ്ങൾ അനുഭവിക്കുന്ന യാതനകളും ഒപ്പം ഭരണകൂടത്തോടുള്ള രോഷവും നിറയുന്നു. മറ്റു വഴികളില്ല; അനുസരിക്കുക തന്നെ. അതേ ഇവിടെ നടക്കൂ. അല്ലെങ്കിൽ പ്രതികരിക്കണം. അങ്ങനെ ഒരു അവസ്ഥയുണ്ടായാൽ പിന്നെ താലിബാൻന്റെ കീഴിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിനു മുന്നിൽ പകച്ചുനിൽക്കാൻ മാത്രമേ കഴിയൂ. ചുരുക്കത്തിൽ സ്വർണ്ണക്കൂട്ടിലടച്ച പക്ഷികളായി മാറുകയാണ് ഇവിടെ സ്ത്രീകൾ.

Latest News