പൊതുസ്ഥലത്ത് സംസാരിക്കാനും പാടാനും അനുവാദമില്ലാത്ത അഫ്ഗാൻ പെൺകുട്ടികളുടെ അവകാശങ്ങൾക്കായി വാദിച്ചതിന് അന്തർദേശീയ പുരസ്‌കാരം നേടി അഫ്ഗാൻ സ്വദേശിയായ 17 കാരി. കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗ്, പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രചാരകയായി പേരുകേട്ട മലാല യൂസഫ്‌സായി ഉൾപ്പെടെയുള്ളവർക്കു ലഭിച്ച കുട്ടികൾക്കായുള്ള അന്താരാഷ്ട്ര സമാധാന പുരസ്‌കാരമാണ് നിള ഇബ്രാഹിമി എന്ന അഫ്ഗാൻ പെൺകുട്ടിക്ക് ലഭിച്ചത്.
2021 ൽ അധികാരം പിടിച്ചെടുത്ത താലിബാന്റെ അടിച്ചമർത്തൽ നിയമങ്ങളാൽ നിശ്ശബ്ദരാക്കപ്പെടുന്ന അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ അവകാശങ്ങൾക്കായി പോരാടിയതിനാണ് ഇബ്രാഹിമിക്ക് ബഹുമതി ലഭിച്ചത്. രാജ്യത്ത് താലിബാൻ അധികാരം ഏറ്റെടുക്കുന്നതിനുമുമ്പ്, സ്കൂൾ വിദ്യാർഥിനികൾ പൊതുസ്ഥലത്ത് പാടുന്നതിന് നിരോധനമുണ്ടായിരുന്നു. ഇതിനെതിരെ ഇബ്രാഹിമി സ്വയം പാടുന്നത് റെക്കോർഡ് ചെയ്ത് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. ‘IAmMySong’ എന്നു പേരിട്ട അവളുടെ കാമ്പെയ്ൻ ജനപ്രീതി നേടുകയും ആഴ്ചകൾക്കുള്ളിൽ അധികാരികൾ നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു.
എന്നാൽ, യു. എസിന്റെയും സഖ്യകക്ഷികളുടെയും പിൻവാങ്ങലോടെ താലിബാൻ അധികാരം പിടിച്ചെടുക്കുകയും രാഷ്ട്രത്തെ മതാധിപത്യ ഭരണത്തിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്തു. അപ്പോൾ ഇബ്രാഹിമിക്ക് 15 വയസ്സായിരുന്നു. തുടർന്ന്, ’30 ബേർഡ്സ് ഫൗണ്ടേഷന്റെ’ സഹായത്തോടെ, ഇബ്രാഹിമി തന്റെ കുടുംബത്തോടൊപ്പം അഫ്ഗാനിസ്ഥാനിൽനിന്ന് കാനഡയിലേക്ക് പലായനം ചെയ്തു. ഇപ്പോൾ കാനഡയിൽനിന്നാണ് ഇബ്രാഹിമി അഫ്ഗാൻ പെൺകുട്ടികൾക്കുവേണ്ടി വാദിക്കുന്നത്.
ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള പെൺകുട്ടികളെ അവരുടെ കഥകൾ പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്ന ‘ഹേർ സ്റ്റോറി’ എന്ന പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയാണ് ഇന്നിവൾ.