ആ ദിവസം, അവർ അടുത്തെത്തിയപ്പോൾ താൻ ഭയത്താൽ മരവിച്ചുപോയി എന്ന് സമീറ പറയുന്നു. “അവർ ചോദിച്ചു: ‘ഈ മനുഷ്യൻ നിങ്ങളുടെ ആരാണ്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റയ്ക്കിരിക്കുന്നത്? ഇവിടെ നിങ്ങൾ എന്തുചെയ്യുന്നു? നിങ്ങൾക്ക് എങ്ങനെ ഇത്തരമൊരു കാര്യം അനുവദിക്കാനാകും? നിങ്ങളുടെ ബന്ധുവല്ലാത്ത ഒരു മനുഷ്യനുമായി നിങ്ങൾ എന്താണ് ചെയ്യുന്നത്?” താലിബാൻ സദാചാര പൊലീസിനാൽ പിതാവിന്റെ പ്രായമുള്ള തന്റെ തൊഴിലുടമയെ വിവാഹം കഴിക്കേണ്ടിവന്ന 19 കാരിയായ ഒരു പെൺകുട്ടിയുടെ ജീവിതം.
കഴിഞ്ഞ വർഷം ജൂലൈയിലെ ഒരു വേനൽപ്രഭാതത്തിലായിരുന്നു 19 കാരിയായ സമീറ (പേര് യഥാർഥമല്ല) താൻ ജോലി ചെയ്തിരുന്ന പരവതാനി നെയ്‌ത്തുകടയിലേക്ക് കൂലി വാങ്ങാൻ പോയത്. എന്നാൽ അവൾ അറിഞ്ഞിരുന്നില്ല ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്റെ ജീവിതം ഇരുളടയാൻ പോകുകയാണെന്ന്.
അപരിചിതരായ ഒരുകൂട്ടം ആളുകൾ തോക്കുമായി വന്ന് അവളുടെ ജീവിതം തന്നെ മറ്റൊരു വഴിയേ തിരിച്ചുവിട്ടു. നിർബന്ധിത വിവാഹത്തിന് ഇരയാക്കപ്പെട്ട അവളുടെ ജീവിതം താലിബാന്റെ സദാചാര പൊലീസിന്റെ നിർബന്ധബുദ്ധിക്കു മുൻപിൽ അവസാനിച്ചു.
ശമ്പളം വാങ്ങാൻ തൊഴിലുടമയുടെ കടയ്ക്കു പുറത്ത് ഒറ്റയ്ക്ക് അവൾ കാത്തുനിൽക്കുമ്പോൾ, താലിബാന്റെ ‘സദാചാര പൊലീസ്’ സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്നു.
“വീട്ടിൽനിന്ന് വർക്ക്‌ഷോപ്പിലേക്ക് ഒരു മണിക്കൂർ നടക്കാനുള്ളതിനാൽ എനിക്ക് കാത്തിരിക്കേണ്ടിവന്നു” – അവൾ പറയുന്നു. “ഒരു മെയിൻ റോഡിനടുത്തായിരുന്നു കട. നിർഭാഗ്യവശാൽ, താലിബാൻ കടന്നുപോകുമ്പോൾ ഞാൻ വാതിലിനു പുറത്തിരിക്കുകയായിരുന്നു. അവർ പെട്ടെന്ന് എന്നെ ശ്രദ്ധിച്ചു.
സ്ത്രീകൾക്ക് സംസാരിക്കുന്നതിനോ, വീടിനു പുറത്ത് മുഖം കാണിക്കുന്നതിനോ അല്ലെങ്കിൽ പുരുഷബന്ധുവില്ലാതെ യാത്ര ചെയ്യുന്നതിനോ ഉള്ള വിലക്കുകൾ ഇസ്ലാമിക മൗലികവാദികളുടെ ശരീ-അത്ത് മതനിയമത്തിൻകീഴിലുള്ള കർശനമായ വ്യാഖ്യാനം നടപ്പിലാക്കിക്കൊണ്ട് താലിബാൻ ഉദ്യോഗസ്ഥർ തെരുവുകളിലുള്ള സമയമായിരുന്നു അത്. ആളുകളുടെ ജീവിതത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അവർക്ക് അവിടെവച്ചുതന്നെ തീരുമാനമെടുക്കാൻ കഴിയും; അതും അവരെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ.
താലിബാൻ ഭരണത്തിനുകീഴിൽ 12 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ അനുവാദമില്ല. അതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇപ്പോഴും ജോലിചെയ്യാൻ കഴിയുന്ന ചുരുക്കം ചില മേഖലകളിൽ ഒന്നാണ് പരവതാനി നെയ്ത്ത്.
ഇരുപതിലധികം സ്ത്രീകളും പെൺകുട്ടികളും സമീറയ്‌ക്കൊപ്പം പരവതാനി നെയ്ത്ത് ബിസിനസിൽ ജോലിചെയ്തു. ദാരിദ്ര്യം നിറഞ്ഞ ജീവിതാവസ്ഥയിൽ പൂർത്തിയാകാത്ത കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ സ്ഥിതിചെയ്യുന്ന നെയ്‌ത്തുശാലയിൽ ജോലിചെയ്തുകൊണ്ട് അവർ പ്രതിമാസം 7,000 അഫ്ഗാനികൾ (£80) സമ്പാദിച്ചു.
ആ ദിവസം, അവർ തന്റെ അടുത്തെത്തിയപ്പോൾ താൻ ഭയത്താൽ മരവിച്ചുപോയി എന്ന് സമീറ പറയുന്നു.
“അവർ ചോദിച്ചു: ‘ഈ മനുഷ്യൻ (അവളുടെ തൊഴിലുടമ) നിങ്ങളുടെ ആരാണ്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റയ്ക്കിരിക്കുന്നത്? ഇവിടെ നിങ്ങൾ എന്തുചെയ്യുന്നു? നിങ്ങൾക്ക് എങ്ങനെ ഇത്തരമൊരു കാര്യം അനുവദിക്കാനാകും? നിങ്ങളുടെ ബന്ധുവല്ലാത്ത ഒരു മനുഷ്യനുമായി നിങ്ങൾ എന്താണ് ചെയ്യുന്നത്?”
താലിബാൻ ഉദ്യോഗസ്ഥർ സമീറയെയും മുഹമ്മദിനെയും (42) അനാശ്യാസത്തിന്റെപേരിൽ അറസ്റ്റ് ചെയ്യുകയും ഇരുവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു.
“അവർ എത്ര ചോദ്യങ്ങൾ ചോദിച്ചിട്ടും എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. കാരണം അവർ എന്നെ വാക്കുകളാൽ അധിക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. അവർ ഞങ്ങളെ അവരുടെ കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.”
ഭയം കൊണ്ടാണ് താൻ താലിബാന് പിതാവിന്റെ ഫോൺ നമ്പർ നൽകാതിരുന്നത്. പകരം സഹോദരി യാസ്മിനും സഹോദരിയുടെ ഭർത്താവും പൊലീസ് സ്റ്റേഷനിൽ എത്തി.
കൗമാരക്കാരിയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയവും അവൾ തടവിലാക്കപ്പെടുമോ എന്ന ആശങ്കയും കാരണം സമീറയും മുഹമ്മദും വിവാഹനിശ്ചയം കഴിഞ്ഞതായി താലിബാനോടു പറഞ്ഞു. പേടിച്ചരണ്ട മുഹമ്മദിന്റെ വീട്ടുകാരും ഇതേ കാര്യം പറഞ്ഞു.
കൂടുതൽ അന്വേഷണങ്ങളൊന്നും കൂടാതെ, താലിബാൻ സമീറയെ അവളുടെ തൊഴിലുടമയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. അദ്ദേഹത്തിന് ഇതിനകം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു; മുഹമ്മദിന്റെ മൂത്ത മകനും സമീറയുടെ അതേ പ്രായമുണ്ട്.
2021 ൽ ഇസ്ലാമിസ്റ്റുകൾ ഭരണം ഏറ്റെടുത്തതിനുശേഷം വിവാഹചടങ്ങുകൾ നടത്താനുള്ള അധികാരം നൽകിയ താലിബാൻ പൊലീസ് അന്നുതന്നെ സ്റ്റേഷനിൽ വിവാഹം നടത്തി. സമീറയുടെ സഹോദരിയും സഹോദരീഭർത്താവും മാത്രമായിരുന്നു അവരുടെ കുടുംബത്തിലെ സാക്ഷികൾ; അതോടൊപ്പം മുഹമ്മദിന്റെ പിതാവും.
അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ റൗദാരിയുടെ ഡയറക്ടർ ഷഹർസാദ് അക്ബർ പറയുന്നത്, സമീറയുടെ കഥ അസാധാരണമല്ല എന്നതാണ്. എന്നാൽ പല സ്ത്രീകളും തങ്ങളുടെ കഥ പങ്കിടാൻ മുന്നോട്ടുവരാൻ ഭയപ്പെടുന്നതായി പറയുന്നു.
“(സദാചാര പൊലീസിന്റെ’ മനസ്സിൽ) അവർ ഒരു പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കണ്ടെത്തുമ്പോൾ മറ്റെന്തെങ്കിലും ചെയ്യണം” – അവൾ പറയുന്നു. “സ്ത്രീകൾ പുരുഷന്മാരോടൊപ്പം പ്രവർത്തിക്കാൻ പാടില്ല. അതിനാൽ ഈ നിർബന്ധിത വിവാഹം അവരുടെ പരിഹാരമാണ്. “രണ്ടുപേരെ വിവാഹം കഴിക്കാനുള്ള താലിബാൻ പൊലീസിന്റെ അധികാരം നിയമത്തിൽ വ്യക്തമായ ഒന്നല്ല. ആളുകളുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയുംകുറിച്ച് തീരുമാനമെടുക്കാൻ താലിബാൻ ഉദ്യോഗസ്ഥർക്ക് ‘അവകാശമുണ്ട്. അനന്തരഫലങ്ങളൊന്നുമില്ല – അവർ വളരെ പെട്ടെന്നുതന്നെ നിയമങ്ങൾ കൊണ്ടുവരുന്നു” – അക്ബർ പറയുന്നു.
വിവാഹചടങ്ങുകൾക്കുശേഷം താലിബാൻ ഇരുവരെയും മുഹമ്മദിന്റെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും സമീറയുടെ പേടിസ്വപ്നം അവിടെയും അവസാനിച്ചില്ല. സംഭവമറിഞ്ഞ അച്ഛനും അമ്മാവനും മൂത്ത സഹോദരന്മാരും വടിയും ചട്ടുകങ്ങളും മറ്റ് ഉപകരണങ്ങളുമായി മുഹമ്മദിന്റെ വീട്ടിൽ കയറി സമീറയെ മർദിച്ചു. തന്റെ ബന്ധുക്കളിൽ ആരാണ് ചട്ടുകംകൊണ്ട് അടിച്ചതെന്ന് സമീറയ്ക്ക് ഓർമയില്ല. നെറ്റിയിലെ മുറിവുകളുടെ പാടുകൾ ആറുമാസത്തിനു ശേഷവും ദൃശ്യമാണ്. അച്ഛൻ വരുന്നതിനുമുമ്പ് സമീറയെ വീട്ടിലേക്കു കൊണ്ടുപോകാൻ താൻ ഉദ്ദേശിച്ചിരുന്നെന്നും ഇപ്പോൾ വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് സമീറയോട് പറയേണ്ടിവന്നെന്നും യാസ്മിൻ പറയുന്നു.
യാസ്മിൻ പിതാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. “സമീറ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതൊരു തെറ്റിധാരണയാണെന്നും പറഞ്ഞ് ഞാൻ ആവർത്തിച്ച് ക്ഷമാപണം നടത്തി. താലിബാൻ പോയതിനാൽ അവളെ തിരികെ വരാൻ അനുവദിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ, ആരും കേട്ടില്ല, എന്റെ അമ്മ പോലും. ഒരു വാക്ക് (നിശ്ചയം) കാരണം എന്റെ സഹോദരിയുടെ ജീവിതം നശിച്ചു” – യാസ്മിൻ പറയുന്നു.
സ്‌കൂളിൽനിന്ന് വിലക്കപ്പെടുന്നതിനുമുമ്പ്, തന്റെ സഹോദരങ്ങളുടെ പരിഹാസങ്ങൾക്കിടയിലും തനിക്ക് ഒരു എഞ്ചിനീയറാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് സമീറ പറയുന്നു: “ഒരു പെൺകുട്ടിക്ക് എഞ്ചിനീയറാകാൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ വലുതാകുമ്പോൾ നിങ്ങളുടെ പിതാവ് നിനക്കൊരു ഭർത്താവിനെ കണ്ടെത്തും.”
മുഹമ്മദിനും അവന്റെ ആദ്യഭാര്യയ്ക്കുമൊപ്പം താമസിക്കുന്ന സമീറ, താൻ ഇപ്പോൾ വിഷാദരോഗവുമായി മല്ലിടുകയാണെന്നും തനിക്ക് പോകാൻ അനുവാദമുള്ള ഏകസ്ഥലം സഹോദരി യാസ്മിന്റെ വീടാണെന്നും പറയുന്നു. അവളുടെ അച്ഛനോ, അമ്മയോ അവളോട് സംസാരിക്കില്ല. തന്റെ കുടുംബത്തിലെ പുരുഷന്മാർ താലിബാനിൽനിന്ന് വ്യത്യസ്തരല്ലെന്നും അവൾ പറയുന്നു.
“മുഴുവൻ കഥയും അറിയാതെ, ഞാൻ എന്തിനാണ് അന്ന് ഫാക്ടറിയുടെ ഓഫീസിൽ പോയതെന്ന് എന്നോടുപോലും ചോദിക്കാതെ, താലിബാൻ ചെയ്തതുപോലെ എന്നെ വേശ്യയെന്ന് വിളിക്കാനും മുഹമ്മദും ഞാനും തമ്മിലുള്ള വിവാഹം നടപ്പാക്കാനും അവർ തീരുമാനിച്ചു.”
പെൺകുട്ടികളുടെയും സ്ത്രീകളുടെയും നിർബന്ധിത വിവാഹത്തിന്റെ പതിവ് റിപ്പോർട്ടുകൾക്കൊപ്പം, 2021 ൽ താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം 1202 പുരുഷന്മാരും സ്ത്രീകളും പൊതുവധശിക്ഷ ഉൾപ്പെടെയുള്ള ക്രൂരമായ ശിക്ഷകൾക്ക് വിധേയരായതായി റൗദാരി പറയുന്നു.
ഈ അവകാശവാദം തെറ്റാണെന്ന് താലിബാന്റെ വക്താവ് പറഞ്ഞു.” ഒരു സംഘടനയ്ക്കും വ്യക്തിക്കും ഒരു സഹോദരിയെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ കഴിയില്ല. ഇതുവരെ, ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപെടുത്തിയിട്ടില്ലെങ്കിലും അങ്ങനെയാണെങ്കിൽ, തീർച്ചയായും അന്വേഷിക്കും. അത്തരമൊരു അവകാശവാദം ശരിയല്ല.”
എന്നിരുന്നാലും, നിർബന്ധിത വിവാഹങ്ങൾ നിരോധിച്ചുകൊണ്ട് 2021 ഡിസംബറിലെ താലിബാൻ ഉത്തരവ് ഉണ്ടായിരുന്നിട്ടും അഫ്ഗാനിസ്ഥാനിൽ നിർബന്ധിതവും ശൈശവ വിവാഹങ്ങളും നടത്തുന്ന പ്രവണതയുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യു. എൻ. പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് പറഞ്ഞു.
താലിബാൻ അംഗങ്ങൾ ഉൾപ്പെടെ, പ്രത്യേകിച്ച് ഗ്രാമങ്ങളിലും വിദൂരപ്രദേശങ്ങളിലും നിർബന്ധിതവും ശൈശവ വിവാഹങ്ങളും ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ടെന്ന് പല അഫ്ഗാനികളും ബെന്നറ്റിനോട് പറഞ്ഞിട്ടുണ്ട്.
ആറാം ഗ്രേഡിനു മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് പെൺകുട്ടികൾ നേരത്തെയുള്ള വിവാഹം ഉൾപ്പെടെയുള്ള ദുരുപയോഗത്തിന് വിധേയരാകുന്നത് വർധിപ്പിക്കുന്നു. ഈ വിവാഹങ്ങൾ പലപ്പോഴും വൈവാഹിക ബലാത്സംഗം, ദുരുപയോഗം, നിർബന്ധിത ഗർഭധാരണം, നിർബന്ധിത തൊഴിൽ എന്നിവയുൾപ്പെടെ സ്ത്രീകളെയും പെൺകുട്ടികളെയും കൂടുതൽ ദുരിതജീവിതത്തിലേക്ക് തള്ളിവിടുന്നു.