Sunday, March 15, 2026

പെൺമക്കൾക്ക് വേണ്ടി ‘അക്ഷരത്തിനായുള്ള പോരാട്ടം’ നടത്തി അഫ്ഗാനിലെ മാതാപിതാക്കൾ

“മക്കൾ വീണ്ടും പുസ്തകങ്ങളും നോട്ടുബുക്കുകളും കയ്യിലെടുത്തപ്പോൾ എനിക്കുണ്ടായ സന്തോഷം വിവരിക്കാനാവില്ല. അതിനായി എന്ത് ത്യാഗത്തിനും ഞാൻ തയ്യാറാണ്, പക്ഷെ” -താലിബാന്റെ ഭീതിയുടെ നിഴലിൽ മകളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന ഒരു അച്ഛന്റെ വാക്കുകളാണിത്. അഫ്ഗാനിസ്ഥാനിൽ ആറാം ക്ലാസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചിട്ട് ഇപ്പോൾ ഏകദേശം മൂന്ന് വർഷമാകുന്നു. ഈ ഇരുണ്ട കാലഘട്ടത്തിൽ, ഭയത്തിന് മുന്നിൽ കീഴടങ്ങാതെ തങ്ങളുടെ മക്കളുടെ ഭാവി സംരക്ഷിക്കാൻ ജീവിതം തന്നെ പണയം വയ്ക്കുകയാണ് മാതാപിതാക്കൾ.

വിദ്യാഭ്യാസത്തിനായുള്ള യുദ്ധം

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് ആറാം ക്ലാസ്സിന് ശേഷം വിദ്യാഭ്യാസം നിരോധിച്ച നിയമം അവിടുത്തെ കുടുംബങ്ങളെ എത്രത്തോളം തളർത്തുന്നുവെന്നും, അതേസമയം തങ്ങളുടെ മക്കളുടെ ഭാവിക്കായി മാതാപിതാക്കൾ നടത്തുന്ന രഹസ്യ പോരാട്ടങ്ങളും സമാനതകളില്ലാത്തതാണ്. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് ഔദ്യോഗികമായി സ്കൂളുകളിൽ പോകാൻ അനുവാദമില്ലെന്ന നിയമം ഏകദേശം 2.5 ദശലക്ഷം പെൺകുട്ടികളുടെ ഭാവിയെയാണ് ബാധിച്ചിട്ടുള്ളത്. എങ്കിലും പല മാതാപിതാക്കളും പലയിടങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച് രഹസ്യമായി പഠനക്ലാസ്സുകൾ നടക്കുന്നിടത്ത് എല്ലാ ത്യാ​ഗവും സഹിച്ച് മക്കളെ പഠനത്തിനായി എത്തിക്കുന്നുണ്ട്. പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നറിഞ്ഞിട്ടും ആയിരക്കണക്കിന് പെൺകുട്ടികൾ ഇത്തരം ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.

പല കുടുംബങ്ങളും തങ്ങളുടെ ഭൂമി, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വിറ്റാണ് പെൺകുട്ടികളുടെ രഹസ്യ പഠനത്തിനുള്ള ചിലവുകൾ കണ്ടെത്തുന്നത്. സാധാരണ വിദ്യാലയങ്ങളേക്കാൾ വലിയ തുകയാണ് അദൃശ്യ വിദ്യാലയങ്ങൾക്കും സ്വകാര്യ ട്യൂഷനുകൾക്കും വേണ്ടി വരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനായി പലിശയ്ക്ക് പണമെടുത്ത് വലിയ കടബാധ്യതയിലായ മാതാപിതാക്കളും ഉണ്ട്. ഒരു നല്ല നാളെയുണ്ടാകുമെന്ന പ്രതീക്ഷയാണ് ദാരിദ്ര്യത്തിലും ഈ മാതാപിതാക്കളെ പൊരുതാൻ പ്രാപ്തരാക്കുന്നത്.

പഠനം മുടങ്ങിയത് മാനസിക നില വരെ തെറ്റിച്ചു

സ്കൂളുകളും സർവ്വകലാശാലകളും അടച്ചതോടെ ഇനി പഠനം തുടരാനാകില്ലെന്ന സങ്കടം മാനസികമായി തകർന്ന പെൺകുട്ടികളും ഉണ്ട് അഫ്​ഗാനിൽ. തന്റെ മകൾ രാത്രിയിൽ കരയുകയും സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്യുന്ന അവസ്ഥയിലായി എന്ന് ഒരു മാതാവ് തന്റെ മകളെ കുറിച്ച് നിറകണ്ണുകളോടെ പറഞ്ഞു. മകളുടെ ഈ അവസ്ഥ കാണാൻ വയ്യാതെ തന്റെയും അമ്മയുടെയും സ്വർണ്ണാഭരണങ്ങൾ വിറ്റാണ് അവർ മകളെ പഠിപ്പിക്കുന്നത്. തയ്യൽ ജോലിയും പരവതാനി നെയ്ത്തും കാരണം നടുവിനും കാലിനും കടുത്ത വേദന അനുഭവപ്പെടുമ്പോഴും മകളുടെ മാസ്റ്റേഴ്സ് ബിരുദം എന്ന സ്വപ്നത്തിനായി ജോലി തുടരാൻ അവർ തീരുമാനിച്ചു. മകളുടെ വിദ്യാഭ്യാസത്തിന് പണം തികഞ്ഞില്ലെങ്കിൽ സ്വന്തം വീട് വിൽക്കാനും അവർ തയ്യാറാണ്. ജീവൻ പണയം വച്ച് നടത്തുന്ന ഈ പ്രയത്നങ്ങളെല്ലാം ഈ നരകത്തിൽ നിന്നും മക്കളെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ഏക ചിന്തയാണ്. ‌‌ഇത്തരത്തിൽ നിരവധി മാതാപിതാക്കളാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസം നിഷേധിക്കുന്നത് വഴി പെൺകുട്ടികൾക്കിടയിൽ ബാലവിവാഹം, വിഷാദം, ആത്മഹത്യാ പ്രവണത എന്നിവ വർദ്ധിക്കുന്നതായി യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

ഭക്ഷണം പോലെ തന്നെ അറിവും അത്യാവശ്യമാണെന്ന തിരിച്ചറിവാണ് അഫ്​ഗാനിസ്ഥാനിൽ പല മാതാപിതാക്കളും മക്കൾക്ക് വേണ്ടി നടത്തുന്ന ഈ പോരാട്ടം. പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാൻ അനുമതിയില്ലാത്ത രാജ്യത്ത് താലിബാന്റെ കണ്ണ് വെട്ടിച്ച് മകളെ രഹസ്യമായി പഠിപ്പിക്കാൻ കൊണ്ടുപോകുന്നതും മണിക്കൂറുകളോളം ട്യൂഷൻ ക്ലാസ്സിന് മുന്നിൽ കാവലിരുന്ന് തിരികെ മകളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതും അവർക്ക് വേണ്ടി സർവ്വവും വിറ്റ് അധ്വാനിക്കുന്നതും എല്ലാം അക്ഷരത്തിന് വേണ്ടിയുള്ള ഈ മാതാപിതാക്കളുടെ വലിയ യുദ്ധമാണ്… അത് ഒരു ലക്ഷ്യം കാണുന്നത് വരെ ഇവർ തുടരുക തന്നെ ചെയ്യും…

LEAVE A REPLY

Please enter your comment!
Please enter your name here

Latest News