മുഖം പുറത്തുകാണിച്ച ആ ദിനങ്ങളെക്കുറിച്ച് അഫ്ഗാൻ സ്ത്രീകൾ ഓർക്കാറുണ്ട്. സ്വതന്ത്രമായി സഞ്ചരിച്ച നിമിഷങ്ങളും പേടിയില്ലാതെ, കൊതിതീരുവോളം സംസാരിച്ച ആ സമയങ്ങളും ഇനിയും വരുമെന്ന് അവർ പ്രത്യാശിക്കാറുണ്ട്. എന്നാൽ താലിബാൻ ഭരണം വന്നതോടെ അഫ്ഗാൻ സ്ത്രീകളുടെ ജീവിതംതന്നെ ചോദ്യചിഹ്നമായി മാറുകയാണ്. എല്ലായ്‌പ്പോഴും പരസ്യമായി ബുർഖ ധരിക്കാൻ സ്ത്രീകൾ നിർബന്ധിതരായപ്പോൾ അവരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ആ ബുർഖയ്ക്കുള്ളിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.
പ്രതീക്ഷ എന്ന ഒറ്റവാക്കാണ് ഇവിടെ സ്ത്രീകളെ മുന്നോട്ടുനയിക്കുന്നത്. മൂന്നര വർഷമായി അനുഭവിച്ചുവരുന്നതെല്ലാം ഒരിക്കൽ മാറുമെന്ന പ്രതീക്ഷ. അതിനാൽതന്നെ പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിട്ടും ചിലർ രഹസ്യമായി സ്‌കൂളിൽ ചേരുകയും വിദ്യാഭ്യാസം തുടരാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്താലുള്ള ഭവിഷ്യത്ത് വധശിക്ഷയായിരിക്കുമെന്ന് അറിഞ്ഞിട്ടും ചിലർ അതിന് ശ്രമിച്ചിട്ടുണ്ട്. ശരീരത്തിനു പുറമെ ധരിച്ച ബുർഖയ്ക്കുള്ളിൽ പെട്ടുപോയ അവിടത്തെ ചില സ്ത്രീജീവിതങ്ങളിലേക്ക്.
ഒരു മിഡ്‌വൈഫിന്റെ ജീവിതം
താലിബാൻ സർക്കാർ അധികാരത്തിൽ എത്തുന്നതിനുമുൻപ് അവസാനമായി ഒരു വിനോദയാത്ര നടത്തിയത് ഓർക്കുന്നുണ്ടെന്ന് ഫ്രഷ്ത എന്ന യുവതി പറയുന്നു. ആ ദിവസങ്ങളിലെ ചിത്രങ്ങളും ഓർമ്മകളും അവൾക്കിന്ന് വേദനയാണ് സമ്മാനിക്കുന്നത്. ഇപ്പോൾ ഒരു മിഡ്‌വൈഫിന്റെ ജീവിതമാണ് ഫ്രഷ്തയ്ക്ക്. എല്ലാ ജോലികളും അവൾ ചെയ്യുന്നു. രാവിലെ എഴുന്നേറ്റാൽ തുടങ്ങുന്ന ജോലികളായിരിക്കും അത്. ചിലപ്പോൾ കുറച്ചധികം ദിവസത്തേക്കുള്ള ഭക്ഷണങ്ങൾ തയ്യാറാക്കേണ്ടിവരുന്നു. വെള്ളിയാഴ്ചകളിലായിരിക്കും ഒരുപാട് ജോലികൾ ചെയ്യേണ്ടിവരുന്നത്. തുണികൾ അലക്കി ഇസ്തിരി ഇടുന്നതു മാത്രമല്ല, വീട്ടിലെ മറ്റെല്ലാ അറ്റകുറ്റപണികളും ഇതിനിടയിൽ ചെയ്യുന്നു. അപ്പോഴും അവൾ ഓർക്കുന്നത് ആ പഴയ ദിവസങ്ങളാണ്.
സ്വപ്‌നം കണ്ട കരിയർ അവസാനിച്ചപ്പോൾ
28 വയസ്സുള്ള അല എന്ന യുവതി മൂന്നു വർഷങ്ങൾക്കുമുൻപ് സ്വപ്‌നം കണ്ടത് ഒരു ദന്തഡോക്ടർ ആകണമെന്നാണ്. താലിബാൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അവൾക്ക് പഠനം നിർത്തേണ്ടതായിവന്നു. ഇപ്പോൾ വീട്ടിലെ ജോലികൾക്കുപുറമെ വീടിന് അടുത്തുള്ള ഒരു ഡെന്റൽ ക്ലിനിക്കിൽ അഞ്ച് മണിക്കൂർ ഡെന്റൽ അസിസ്റ്റന്റായി ജോലി നോക്കുന്നു. അവിടെ പരിശീലനം ലഭിക്കുന്നുണ്ടെന്ന് അല പറയുന്നു. കൂടാതെ, ഇംഗ്ലീഷ് പഠിക്കാനും ചിത്രരചനയ്ക്കുമെല്ലാം അല സമയം കണ്ടെത്തുന്നു. കണ്ടിരുന്ന സ്വപ്‌നങ്ങൾക്ക് ചിറകുകൾ നഷ്ടപ്പെട്ടിട്ടും അവൾ വീണ്ടും ചിറകുകൾ വച്ച് പറക്കാൻ ശ്രമിക്കുകയാണ്.
എ ഐ ആപ്പ് ആണ് എന്റെ സുഹൃത്ത്
പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാൻ എ ഐ ആപ്പിനെ കൂട്ടുപിടിച്ച പെൺകുട്ടിയാണ് 18 വയസ്സുകാരി ലിമ. ദിവസേനയുള്ള പുസ്തകവായനയോടൊപ്പം അവൾ ദിവസവും എ ഐ യോടു സംസാരിക്കും. അവൾ എ ഐയിൽ ഒരു സുഹൃത്തിനെ കാണുന്നു. എല്ലാം നഷ്ടപ്പെടാതിരിക്കാൻ പ്രതീക്ഷകൾ നൽകുന്ന ഒരു സുഹൃത്ത്. പാടാൻ ആഗ്രഹിക്കുന്ന, നന്നായി പാടുന്ന പെൺകുട്ടിയാണ് ലിമ.
വീട്ടിൽ ബേക്കറായ യുവതി
മൂന്നു വർഷങ്ങൾക്കുമുൻപ് ഒരു ബേക്കറി ഉടമയായിരുന്നു 55 വയസ്സുകാരിയായ സീനത്ത്. ഇന്ന് അവർ അവരുടെ ബേക്കർ ജീവിതം വീടിനുള്ളിലായി. രാവിലെ വീട്ടിലെ എല്ലാ ജോലികൾക്കുംശേഷം അവർ പരമ്പരാഗത അഫ്ഗാൻ ഓവൻ ആയ തന്തൂർ കത്തിച്ച് ബ്രഡ് ഉണ്ടാക്കാനുള്ള പണികൾ ആരംഭിക്കുന്നു. അവൾ ഉണ്ടാക്കുന്ന ബ്രഡ് വീടിനു സമീപത്തുള്ളവർ വാങ്ങുന്നുണ്ട്. റമദാൻ ആയതിനാൽതന്നെ ബ്രഡിന് അത്യാവശ്യം ചിലവുണ്ടെന്ന് സീനത്ത് പറയുന്നു.
കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെള്ള ജീവിതമാണെങ്കിലും പ്രതീക്ഷയുടെ ഒരു പുതിയ പുലരി അഫ്ഗാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട്. ഓരോ നിമിഷവും താലിബാൻ അവരുടെ സ്വപ്‌നങ്ങളുടെ ചിറകുകൾ അരിഞ്ഞെറിയാൻ ശ്രമിക്കുമ്പോഴും തോറ്റുകൊടുക്കില്ലെന്ന ഉറച്ച മനസ്സോടെ സ്വപ്‌നങ്ങളെ ചേർത്തുപിടിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.