താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു. തത്ഫലമായി ഇഷ്ടിക ഫാക്ടറികളില്‍ ജോലിക്ക് പോകാന്‍ സ്ത്രീകളേയും കുട്ടികളേയും നിര്‍ബന്ധിക്കുകയാണ് ഭരണകൂടം. യാതൊരു കണ്ണിച്ചോരയുമില്ലാതെയാണ് താലിബാന്‍ പെരുമാറുന്നതെന്ന് അഫ്ഗാനിസ്ഥാന്‍ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ ഭരണകൂടം വന്നതിനു ശേഷം നിരവധി തൊഴില്‍ സംരംഭങ്ങള്‍ പൂട്ടിപോയിരുന്നു. അവിടെയെല്ലാം തൊഴില്‍ ചെയ്തിരുന്നവര്‍ ഇന്ന് ഇഷ്ടിക ഫാക്ടറികളില്‍ പണിയെടുത്ത് കഷ്ടതയനുഭവിക്കുകയാണ്.
മൂന്ന് ഇഷ്ടികഫാക്ടറികളിലായി 170 കുടുംബങ്ങളാണ് ജോലി ചെയ്യുന്നത്. ഇത്രയും ആളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള യാതൊരു സംവിധാനവും ഇവിടെ ഇല്ല എന്ന് ഫാക്ടറി ഉടമകള്‍ തന്നെ പറയുന്നു. പക്ഷെ താലിബാന്‍ പറയുന്നത് എല്ലാവര്‍ക്കും തൊഴില്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ്. ഭക്ഷണം കണ്ടെത്തുന്നതിനായി വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്നും പുറത്തിക്കിയിരിക്കുകയാണ്. ഈ കുട്ടികളധികവും ഇഷ്ടിക ഫാക്ടറികളില്‍ പണിയെടുക്കുകയാണിപ്പോള്‍. 9 വയസ്സുള്ള കുട്ടികള്‍ വരെ ഇവിടെ പണിയെടുക്കുന്നുണ്ട്. രാവിലെ മൂതല്‍ വൈകിട്ട് വരെ പണിയെടുത്താലും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ യുഎസ് സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ കണക്കനുസരിച്ച് താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ 9,00,000 ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2022 കഴിയുന്നതോടെ 21 ശതമാനം സ്ത്രീകളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറയുന്നു. താലിബാന്‍ ഭരണകൂടത്തിന് കീഴില്‍ കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവുമാണ് അഫാഗാന്‍ ജനത നേരിടുന്നത്. ലോക രാജ്യങ്ങള്‍ ഇവിടേക്കുള്ള എല്ലാവിധ സൗഹൃദ ബന്ധങ്ങളും നിര്‍ത്തിയിരുന്നു. മാത്രമല്ല വന്‍കിട കമ്പനികള്‍ അഫ്ഗാനിലെ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം തന്നെ മരവിപ്പിച്ചിരുന്നു .
താലിബാന്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ട ജനത പട്ടിണിയിലേക്കും കൂപ്പ് കുത്തുന്നു.