Tuesday, November 26, 2024

അഫ്ഗാനിസ്ഥാനില്‍ മൂന്നിടത്ത് സ്‌ഫോടനം; 30തില്‍ അധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ മൂന്ന് പ്രവശ്യകളിലായി നടന്ന സ്‌ഫോടനത്തില്‍ 30തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50ല്‍ അധികം പേര്‍ക്ക് മൂന്ന് വിവിധ സ്‌ഫോടനങ്ങളില്‍ നിന്നായി പരിക്കേറ്റു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍, ബാല്‍ഖ് പ്രവശ്യയിലെ മസ്സാര്‍-ഇ-ഷെരീഫ്, കുന്ദസ് പ്രവശ്യ എന്നിവടങ്ങളിലാണ് ഏപ്രില്‍ 21 വ്യാഴാഴ്ച സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഫ്ഗാന്റെ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവര പ്രകാരം കാബൂളിലെ പിഡി5 ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റതായി മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു.

മസ്സാര്‍-ഇ-ഷെരീഫിലെ ഷിയ പള്ളിയിലാണ് മറ്റൊരു സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ബാല്‍ഖ് പ്രവശ്യയിലെ ഷിയ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായിയെത്തിയ പത്തോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 40 പരിക്കേറ്റതായിട്ടുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ അതിര്‍ത്തി പ്രവശ്യയായ കുന്ദസിലാണ് നടന്ന മൂന്നാമത്തെ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണ നിരക്കുകള്‍ ഇനിയും കൂടിയേക്കാമെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ അറിയിക്കുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിന് മുമ്പ് പടിഞ്ഞാറന്‍ കാബൂളില്‍ ആറ് പേരുടെ മരണത്തിനിടെയാക്കിയ ബോംബാക്രമണത്തിന് ശേഷം നടക്കുന്ന മറ്റൊരു വലിയ ആക്രമണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുന്നി തീവ്ര വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിലെ ഷിയ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

 

Latest News