Friday, January 31, 2025

‘അഫ്ഗാനിസ്ഥാനില്‍ ഒരു സ്ത്രീയായിരിക്കുക എന്നത് ഒരു കുറ്റകൃത്യമാണ്’!

‘തെരുവിലൂടെ നടക്കുമ്പോള്‍ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ട് ആളുകള്‍ എന്നെ സമീപിക്കുന്നത് എന്റെ ഹൃദയത്തെ തകര്‍ക്കുന്നു’. സോറയ എന്ന യുവതി പറയുന്നു. ‘ഞാന്‍ സന്ദര്‍ശിച്ച തയ്യല്‍ക്കാരന്‍ പോലും അയാളോട് സംസാരിക്കുന്നതിന് മുമ്പ് മുഖം മറയ്ക്കാന്‍ എന്നോട് പറഞ്ഞു’. അവര്‍ കൂട്ടിച്ചേര്‍ത്തു.

1990-കളില്‍ അധികാരത്തിലിരുന്ന ആദ്യ ഘട്ടത്തില്‍ താലിബാന്‍ നടപ്പാക്കിയതുപോലെ ബുര്‍ഖ വീണ്ടും ധരിക്കേണ്ടി വരുമെന്ന്, കാബൂളില്‍ ഒരു ചെറുകിട ബിസിനസ്സ് ഉടമയായ സൊറയ, ഒരിക്കലും കരുതിയിരുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഇപ്പോള്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് എല്ലാ മൂടുപടങ്ങളും ധരിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാന്‍ മെയ് 7 ന് പ്രഖ്യാപിച്ചതിന് ശേഷം സ്ത്രീകളുടെ മുഖം താലിബാന്റെ ഏറ്റവും പുതിയ നിയന്ത്രണമായി മാറി. മുഖം മൂടിയ ഉത്തരവിനെ ‘ഉപദേശം’ എന്നാണ് താലിബാന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചതെങ്കിലും ഉത്തരവ് അനുസരിക്കാത്തവര്‍ക്കായി പ്രത്യേക ശിക്ഷാ നടപടികളും നിരത്തിയിട്ടുണ്ട്.

ഈ ആഴ്ച പടിഞ്ഞാറന്‍ കാബൂളിലെ കടകളിലേക്ക് സോറയ തന്റെ പതിവ് യാത്ര നടത്തിയപ്പോള്‍, കണ്ടത്, ഷോപ്പ് ഉടമകള്‍ എന്താണ് വില്‍ക്കുന്നതെന്നും വില്‍ക്കാന്‍ വച്ചിരിക്കുന്ന വസ്ത്രങ്ങളുടെ നീളം അനുയോജ്യമാണോയെന്നും വിലയിരുത്താനും പരിശോധിക്കാനുമായി താലിബാന്‍ പ്രതിനിധികള്‍ സ്ത്രീകളുടെ വസ്ത്രക്കടകള്‍ കയറിയിറങ്ങുന്ന കാഴ്ചയാണ്.

2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, അവര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ നിന്നും പുരുഷ രക്ഷാധികാരി ഇല്ലാതെ 45 മൈലിലധികം യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി.

അഫ്ഗാനിസ്ഥാനിലെ ചില സ്ത്രീകള്‍ പറയുന്നത്, മുഖം മറയ്ക്കുന്നത് സംബന്ധിച്ച ശാസന തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണമാണെന്നാണ്. ”അഫ്ഗാനിസ്ഥാനില്‍ ഒരു സ്ത്രീയായിരിക്കുക എന്നത് ഒരു കുറ്റകൃത്യമാണ്,” താലിബാന്‍ ഭരണം ഏറ്റെടുത്തതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സന പറയുന്നു.

മിക്ക അഫ്ഗാന്‍ സ്ത്രീകളും ഇതിനോടകം തലയും കഴുത്തും മറയ്ക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഹിജാബാണ് ധരിച്ചിരുന്നത്. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം കണ്ണുകള്‍ ഉള്‍പ്പെടെ ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖയാണ് ധരിക്കേണ്ടത്. മറിച്ചായാല്‍ അവരുടെ ഏറ്റവും അടുത്ത പുരുഷ ബന്ധു, അല്ലെങ്കില്‍ പുരുഷ രക്ഷാധികാരി, ഇതിന് മറുപടി പറയേണ്ടതായും വീണ്ടും അനുസരിച്ചില്ലെങ്കില്‍ ശിക്ഷ നേരിടേണ്ടതായുംവരും. അറസ്റ്റോ, ജയില്‍വാസമോ, ജോലിയില്‍ നിന്ന് പിരിച്ചുവിടലോ ഒക്കെയാകാം ശിക്ഷാ നടപടികള്‍.

”കഴിഞ്ഞ എട്ട് മാസമായി താലിബാന്‍ ഞങ്ങളുടെ വസ്ത്രധാരണത്തിലല്ലാതെ മറ്റൊരു കാര്യത്തിലും ശ്രദ്ധിച്ചതായി അറിവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത രാജ്യത്തുണ്ട്, താലിബാന്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല,” മറിയം എന്ന സ്ത്രീ പറയുന്നു.

വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരെ ചൊവ്വാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ സ്ത്രീകള്‍ ശ്രമിച്ചപ്പോള്‍ താലിബാന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞതായി ചില പ്രതിഷേധക്കാര്‍ ബിബിസിയോട് പറഞ്ഞു. ‘അവര്‍ എന്നെ രണ്ട് മണിക്കൂര്‍ ഒരേ സ്ഥലത്ത് നിര്‍ത്തി, അവര്‍ എന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി’. ഹാജിറ എന്ന യുവതി പറയുന്നു.

താലിബാന്റെ ഉത്തരവിനെതിരെ കടുത്ത നിലപാടെടുക്കാന്‍ തീരുമാനിച്ചതായി കാബൂളിലെ വനിതാ അവകാശ പ്രവര്‍ത്തകയായ അനൗഷ പറയുന്നു. ‘അവര്‍ ഉത്തരവ് ഇറക്കിയ ആദ്യ ദിവസം ഞാന്‍ എന്റെ 12 വയസ്സുള്ള മകനുമായി മനഃപൂര്‍വ്വം എന്റെ സാധാരണ വസ്ത്രം ധരിച്ച്, മുഖം കാണിച്ചുകൊണ്ട് നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും പോയി’. അവര്‍ പറഞ്ഞു.

താന്‍ നിരീശ്വരവാദിയാണെന്ന് പറയുന്ന ഷെയ്ക്ബ എന്ന പെണ്‍കുട്ടി, തന്റെ വസ്ത്രധാരണ രീതി മാറ്റാനുള്ള ഏത് സമ്മര്‍ദ്ദത്തിനും എതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്നു. യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്രാമധ്യേ, ശരിയായി വസ്ത്രം ധരിക്കാത്തതിന് ഒരു താലിബാന്‍ ഉദ്യോഗസ്ഥന്‍ അവളെ തടഞ്ഞു. തന്റെ കുടുംബത്തിലെ പുരുഷ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വസ്ത്രങ്ങളുടെ കാര്യത്തില്‍ തനിക്ക് എപ്പോഴും സമ്മര്‍ദ്ദം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഷെയ്ക്ബ പറയുന്നു. ‘എന്റെ കുടുംബത്തോടും താലിബാന്‍ ഉദ്യോഗസ്ഥരോടും ഞാനിപ്പോള്‍ പോരാടുകയാണ്’. അവള്‍ പറയുന്നു.

വസ്ത്രത്തിന്റെ കാര്യത്തില്‍മാത്രമല്ല, വേറെയുമുണ്ട് സ്ത്രീകള്‍ക്ക് നിയന്ത്രങ്ങള്‍. ഇറാനില്‍ പഠിക്കാന്‍ പോകുന്നതിനായി വിമാനത്തില്‍ കയറുന്നതില്‍ നിന്ന് അടുത്തിടെ ഷെയ്ക്ബയെ താലിബാന്‍ തടഞ്ഞു. അവളുടെ കൂടെ പുരുഷ രക്ഷാധികാരി ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. റോഡുമാര്‍ഗം ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ബന്ധുവായ പുരുഷന്‍ ഒപ്പമുണ്ടെങ്കില്‍ മാത്രമേ വാഹനസൗകര്യം നല്‍കാവൂ എന്നും താലിബാന്റെ നിര്‍ദേശമുണ്ട്.

ഷെയ്ക്ബയെപ്പോലെ, ഫെരേഷ്തയ എന്ന യുവതിയും തന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലയാണ്. അവള്‍ക്ക് ഒരു വയസ്സുള്ളപ്പോള്‍ അവളുടെ അച്ഛന്‍ മരിച്ചു. അവളുടെ വീട്ടില്‍ ഒരു പുരുഷ രക്ഷാധികാരികളില്ലാത്തത് അവളുടെ സ്വാതന്ത്രത്തെ പരിമിതപ്പെടുത്തിയേക്കാം. ‘ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയപ്പോള്‍ എനിക്ക് വിദേശത്ത് വിദ്യാഭ്യാസം തുടരാനും ബിരുദാനന്തര ബിരുദം നേടാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് പ്രതീക്ഷയില്ല’. അവള്‍ പറയുന്നു.

സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ താലിബാനെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ശ്രമിക്കേണ്ട സമയമാണിതെന്ന് ഹെറാത്ത് യൂണിവേഴ്‌സിറ്റി ബിരുദധാരിയായ നജ്മ കരുതുന്നു. ‘കാരണം ഈ മണ്ടന്‍ നിയമങ്ങള്‍ അനുസരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്. പക്ഷേ ഈ സാഹചര്യം എത്ര മോശമാണെന്ന് എനിക്ക് വിവരിക്കാന്‍ കഴിയില്ല. അവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സമ്മര്‍ദ്ദത്തിലാക്കുകയും ഞങ്ങളെ ഒരു കൂട്ടില്‍ ആക്കുകയും ചെയ്യുന്നു’. നിരാശയോടെ നജ്മ പറയുന്നു.

 

 

Latest News