കായികവിനോദങ്ങളിൽ താലിബാൻ ഏർപ്പെടുത്തിയ വിലക്കിനെത്തുടർന്ന് സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം മൂന്നു വർഷത്തിനുശേഷം തങ്ങളുടെ ആദ്യമത്സരത്തിനായി വീണ്ടും ഒരുമിക്കുന്നു. വ്യാഴാഴ്ച ഓസ്‌ട്രേലിയയിലെ മെൽബണിൽ ക്രിക്കറ്റ് വിത്തൗട്ട് ബോർഡേഴ്‌സ് ഇലവനെതിരെ ടീം എക്‌സിബിഷൻ മത്സരം കളിക്കും. 2021 ഓഗസ്റ്റിൽ താലിബാൻ വീണ്ടും ഭരണം ഏറ്റെടുക്കുന്നതിനുമുമ്പ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എ സി ബി) കരാറിൽ ഏർപ്പെട്ടിരുന്ന ടീമിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം സുപ്രധാനമാണ്.
“മൂന്ന് വർഷത്തിനുശേഷം എല്ലാം ഉപേക്ഷിച്ച് അഫ്ഗാനിസ്ഥാനിൽനിന്നും പോന്നതാണ്. വീണ്ടും ഒത്തുചേരുന്നത് ഞങ്ങൾക്കെല്ലാം വളരെ പ്രത്യേകതയുള്ളതാണ്” – ക്രിക്കറ്റ് താരം ഫിറൂസ അമീരി പുനഃസമാഗമത്തെക്കുറിച്ചുള്ള തന്റെ സന്തോഷം പ്രകടിപ്പിച്ചു. കുടുംബത്തോടൊപ്പം സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ നിർബന്ധിതയായ അമിരി, സ്ത്രീകളുടെ കായികവിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്‌ട്രേലിയൻ സർക്കാരിനും ക്രിക്കറ്റ് ഓസ്‌ട്രേലിയയും നൽകിയ പിന്തുണയ്ക്കും നന്ദിപറഞ്ഞു.
“ഞങ്ങൾ ഒരുമിച്ച് ഒരു ടീമിനെ മാത്രമല്ല, മാറ്റത്തിനും മെച്ചപ്പെടുത്തലിനുംവേണ്ടി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയാണ്” – താലിബാൻ വീണ്ടും അധികാരമേറ്റതിനുശേഷം സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് വധഭീഷണി നേരിടുന്ന ടീമിന്റെ ക്യാപ്റ്റൻ നഹിദ സപാൻ പറഞ്ഞു. അഫ്ഗാൻ വനിതകൾക്ക് വിദ്യാഭ്യാസം, കായികം, അവരുടെ ഭാവി എന്നിവയ്ക്ക് വാതിലുകൾ തുറക്കാൻ ഈ മത്സരത്തിന് കഴിയുമെന്നും സപാൻ കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്‌ലി കളിക്കാരുടെ പ്രതിരോധശേഷിയെ പ്രശംസിച്ചു. “അവരുടെ പ്രതിരോധശേഷി, കളിയോടുള്ള അവരുടെ സ്നേഹം എന്നിവയിൽനിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു.” ആഗോളതലത്തിൽ മാറ്റത്തിനായി വാദിക്കുന്നതിന്റെ പ്രാധാന്യവും ഹോക്‌ലി ഊന്നിപ്പറഞ്ഞു.
ടീമിന് ശക്തമായ നിമിഷവും അഫ്ഗാൻ വനിതകൾക്ക് പ്രതീക്ഷയുടെ വെളിച്ചവുമായാണ് മത്സരം വിലയിരുത്തപ്പെടുന്നത്. അമീരി പറഞ്ഞതുപോലെ, “അഫ്ഗാനിസ്ഥാനിലെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് സ്ത്രീകളെ ഇവർ പ്രതിനിധീകരിക്കും.”