സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളുടെ നീണ്ട നിരയ്ക്ക് പേരുകേട്ട കാബൂളിലെ ലൈസി മറിയം മാര്‍ക്കറ്റില്‍, സ്ത്രീകള്‍ മുഖംമറച്ചുകൊണ്ട് വസ്ത്രം ധരിക്കണമെന്ന താലിബാന്റെ ഏറ്റവും പുതിയ കല്‍പ്പനയുടെ വാര്‍ത്ത ഉച്ചയായിട്ടും എത്തിയിരുന്നില്ല. കടകളില്‍ ഷോപ്പിംഗിനെത്തിയവരില്‍ ചിലര്‍ മാത്രം 1990-കളില്‍ അധികാരത്തിലേറിയപ്പോള്‍ താലിബാന്‍ നടപ്പിലാക്കിയ ശരീരം മുഴുവന്‍ മറയ്ക്കുന്ന നീല ബുര്‍ക്ക ധരിച്ചിരുന്നു. മറ്റുള്ളവര്‍ തലമുടി മറച്ചുകൊണ്ട് സ്‌കാര്‍ഫുകള്‍ കെട്ടിയിട്ടുണ്ടായിരുന്നു, പക്ഷേ മുഖം മറച്ചിരുന്നില്ല.
തീര്‍ഥാടനത്തിന് പോകുമ്പോള്‍ പോലും മുഖം മറയ്ക്കേണ്ടതില്ലെന്നാണ് താലിബാന്റെ പുതിയ ഉത്തരവിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരാള്‍ ഉത്തരം നല്‍കിയത്. ‘മനുഷ്യര്‍ സ്വതന്ത്രരായി ജനിക്കുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ല’. തലയില്‍ സണ്‍ഗ്ലാസ് വെച്ചുകൊണ്ട്, ഫാഷന്‍ വസ്ത്രം ധരിച്ച ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ വളരെ യാഥാസ്ഥിതിക രാജ്യമാണ്. പല സ്ത്രീകളും ബുര്‍ക്ക ധരിക്കാറുണ്ട്. എന്നാല്‍ വലിയ നഗരങ്ങളില്‍ സ്ത്രീകള്‍ ബുര്‍ക്ക ഒഴിമാക്കി മറ്റ് വസ്ത്രങ്ങളോടൊപ്പം ശിരോവസ്ത്രം മാത്രം ധരിക്കുന്നത് സാധാരണമാണ്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം മുസ്ലീങ്ങളും മുഖം മറയ്ക്കുന്നത് മതത്തിന്റെ ഒരു നിര്‍ബന്ധിത ഘടകമായി കണക്കാക്കുന്നില്ല.
കഴിഞ്ഞ ഓഗസ്റ്റില്‍ അധികാരമേറ്റ ശേഷം, സ്ത്രീകള്‍ എന്ത് ധരിക്കണം എന്നതിനെക്കുറിച്ചുള്ള പുതിയ നിയമങ്ങള്‍ പുറപ്പെടുവിക്കുന്നത് താലിബാന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ മേയ് 7 ശനിയാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍, എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് മുഖം മറയ്‌ക്കേണ്ടിവരുമെന്ന് പ്രിവന്‍ഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രൊമോഷന്‍ മന്ത്രാലയം പ്രഖ്യാപിക്കുകയും, അനുസരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനെയും മുഹമ്മദ് നബിയുടെ ജീവിതത്തെയും അടിസ്ഥാനമാക്കിയാണ് ഉത്തരവെന്ന് മന്ത്രാലയം വക്താവ് അകിഫ് മുഹാജിര്‍ ബിബിസിയോട് പറഞ്ഞു. ”ഇത് ഇസ്ലാമിക എമിറേറ്റിന്റെ മാത്രമല്ല, അല്ലാഹുവിന്റെ കല്‍പ്പനയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഉത്തരവ് അനുസരിക്കാത്ത, ശരീരം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാത്ത, ഒരു സ്ത്രീയുടെ പുരുഷ രക്ഷാധികാരിയെ (സാധാരണയായി അച്ഛന്‍, സഹോദരന്‍ അല്ലെങ്കില്‍ ഭര്‍ത്താവ്) താലിബാന്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ സന്ദര്‍ശിക്കുന്നതോടെയാണ് ശിക്ഷ ആരംഭിക്കുന്നത്. തുടര്‍ന്ന്, ആ സ്ത്രീ അനുസരിക്കാന്‍ തയാറല്ലെങ്കില്‍ അവളുടെ പുരുഷ ബന്ധുവിനെ മന്ത്രാലയ ഉദ്യോഗസ്ഥരെ കാണാന്‍ വിളിപ്പിക്കും. അതിനുശേഷം അയാളെ മൂന്ന് ദിവസത്തേക്ക് ജയിലിലോ അല്ലെങ്കില്‍ കോടതിയില്‍ അയയ്ക്കാനോ സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം ആദ്യമൊക്കെ താലിബാന്‍ കൂടുതല്‍ വഴക്കമുള്ള മനോഭാവം സ്വീകരിക്കുന്നതായാണ് കാണപ്പെട്ടത്. പക്ഷേ പിന്നീടുള്ള ഓരോ ആഴ്ചകളില്‍, അവര്‍ കൂടുതല്‍ കഠിനമായ നടപടികള്‍ അവതരിപ്പിക്കുന്നു. അവയില്‍ പലതും സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നു. ഉദാഹരണത്തിന്, പുരുഷ രക്ഷാധികാരി ഇല്ലാതെ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതില്‍ നിന്ന് സ്ത്രീകളെ തടയുക, പൊതു പാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക ദിവസങ്ങള്‍ നല്‍കുക തുടങ്ങിയവ.
വസ്ത്രസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും പോലെ തന്നെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൗമാരക്കാരായ പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് പോകാന്‍ അനുവദിച്ചിട്ടില്ല. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ ചില മേഖലകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും മറ്റ് പലരോടും അവരുടെ ഓഫീസുകളിലേക്ക് മടങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്.
താലിബാന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ പോലും അഫ്ഗാനോട് ഇടപെടുന്നത്. പക്ഷേ, താലിബാന്റെ വിശ്വാസങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാശ്ചാത്യര്‍ക്ക് ഒരിക്കലും സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്നാണ് അവര്‍ മറുപടിയായി പറയുന്നത്.
പുരോഗതി കൈവരിക്കാന്‍ വര്‍ഷങ്ങളായി പാടുപെടുന്ന അഫ്ഗാന്‍ വനിതാ അവകാശ പ്രവര്‍ത്തകര്‍ക്ക്, രണ്ട് പതിറ്റാണ്ടിന്റെ നേട്ടങ്ങള്‍ പിന്നോട്ട് പോകുന്നതുപോലെയാണ് ഇപ്പോള്‍ തോന്നുന്നത്.
‘എന്തൊക്കെ കാര്യങ്ങള്‍ രാജ്യത്ത് ചെയ്യാനുണ്ട്…സ്‌കൂളുകള്‍ തുറക്കണം, കുടുംബങ്ങള്‍ക്കും ആളുകള്‍ക്കും ജോലി നല്‍കണം…ഈ രാജ്യത്തുടനീളം പട്ടിണിയാണ്…ചാവേര്‍ സ്ഫോടനങ്ങള്‍ നടക്കുന്നു’.
‘പക്ഷേ’….നിരാശയോടെ അവര്‍ കൂട്ടിച്ചേര്‍ത്തു, ‘ഇതൊക്കെ നോക്കുന്നതിനുപകരം, അവര്‍ എപ്പോഴും സ്ത്രീകളുടെ പിന്നാലെയാണ്’.