Monday, April 21, 2025

താൽക്കാലികമായി നിർത്തിവച്ചതിനുശേഷം അഫ്ഗാനിസ്ഥാന്റെ റേഡിയോ ബീഗം സംപ്രേക്ഷണം പുനരാരംഭിക്കും

താലിബാൻ സസ്പെൻഷൻ പിൻവലിച്ചതിനുശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കു മാത്രമുള്ള റേഡിയോ സ്റ്റേഷനായ ‘റേഡിയോ ബീഗം’ സംപ്രേക്ഷണം പുനരാരംഭിക്കാൻ ഒരുങ്ങുന്നു. 2021 മാർച്ചിൽ അന്താരാഷ്ട്ര വനിതാദിനത്തിൽ ആരംഭിച്ച ഈ സ്റ്റേഷൻ, അഫ്ഗാൻ സ്ത്രീകൾക്ക് വിവരങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും സുപ്രധാന ഉറവിടമാണ്. ഇതിന്റെ ഉള്ളടക്കം പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത് അഫ്ഗാൻ സ്ത്രീകളാണ്. അതിന്റെ സഹോദര ഉപഗ്രഹചാനലായ ‘ബീഗം ടിവി’ ഫ്രാൻസിൽനിന്ന് പ്രവർത്തിക്കുന്നു. ഏഴാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള അഫ്ഗാൻ സ്കൂൾ പാഠ്യപദ്ധതി ഉൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ഇതിൽ  പ്രക്ഷേപണം ചെയ്യുന്നു.

ഒരു വിദേശ ടിവി ചാനലുമായി സഹകരിച്ചുവെന്ന് ആരോപിച്ച് താലിബാൻ റേഡിയോ ബീഗത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നിരുന്നാലും, ചില നിബന്ധനകൾക്കു വിധേയമായി താലിബാൻ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയം സസ്പെൻഷൻ പിൻവലിച്ചു. പത്രപ്രവർത്തന തത്വങ്ങൾക്കും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണങ്ങൾക്കും അനുസൃതമായി പ്രക്ഷേപണം നടത്താമെന്ന് റേഡിയോ ബീഗത്തിന്  സമ്മതിക്കേണ്ടതായിവന്നു.

അഫ്ഗാനിസ്ഥാനിൽ ആറാം ഗ്രേഡിനപ്പുറം സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ, അഫ്ഗാൻ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും റേഡിയോ ബീഗത്തിന്റെ പ്രക്ഷേപണങ്ങൾ നിർണ്ണായകമാക്കി. താലിബാന്റെ അടിച്ചമർത്തലിനെ വിദ്യാഭ്യാസത്തിലൂടെയും മാധ്യമങ്ങളിലൂടെയും ചെറുക്കേണ്ടതിന്റെ പ്രാധാന്യം സ്റ്റേഷന്റെ സ്ഥാപക ഹമീദ അമൻ ഊന്നിപ്പറഞ്ഞിട്ടുണ്ട്.

Latest News