ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. ലണ്ടനില്‍ 23 മുതല്‍ 25 വരെ നടക്കുന്ന ലേവര്‍കപ്പിനുശേഷം സ്വിറ്റ്സര്ലന്ഡുകാരന് കളിനിര്‍ത്തും. 41 വയസ്സുള്ള ഫെഡറര്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പരിക്കും പ്രായവുമാണ് വിരമിക്കാനുള്ള കാരണം. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കളമൊഴിയുന്നത്.
കാല്‍മുട്ടിലേറ്റ പരിക്കുകാരണം ഏറെനാളായി കളത്തിനുപുറത്തായിരുന്നു. കഴിഞ്ഞവര്‍ഷം വിംബിള്‍ഡണില്‍ കളിച്ചശേഷം കളത്തിലിറങ്ങിയില്ല. 2020നുശേഷം മൂന്ന് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇറങ്ങാന്‍ കഴിഞ്ഞുള്ളൂ. 2021 വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങുകയായിരുന്നു.
ഇരുപത്തിനാലുവര്ഷമാണ് ടെന്നീസിലുണ്ടായിരുന്നത്. എട്ടുതവണ വിംബിള്‍ഡണ്‍ കിരീടം ചൂടി. നിലവില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്ള റാഫേല്‍ നദാലും 21 കിരീടങ്ങളുള്ള നൊവാക് ജൊകോവിച്ചുമാണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്.