ഒൻപതു മാസത്തെ ഇതിഹാസ ബഹിരാകാശ വാസത്തിനുശേഷം, നാസയുടെ ബഹിരാകാശ യാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നു. എട്ടുമാസങ്ങൾക്കു മുൻപാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബുച്ച് വിൽമോറും സുനിത വില്യംസും എത്തിയത്. എന്നാൽ പേടകത്തിന്റെ സാങ്കേതിക തകരാർ മൂലം അവരുടെ ദൗത്യം നീളുകയായിരുന്നു. ഇപ്പോഴിതാ നാസ ബഹിരാകാശ യാത്രികരായ നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ യാത്രികൻ അലക്സാണ്ടർ ഗോർബുനോവും ചേർന്ന് ഇവരെ തിരികെയെത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത് ഭൂമിയിലേക്ക് മടങ്ങുകയാണ്.
ചൊവ്വാഴ്ചയോടെ ഇവർ തിരികെയെത്തുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും, കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ലാൻഡിംഗ് സമയം മാറിയേക്കാം. ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു ദൗത്യത്തിന്റെ അവസാനത്തിലേക്കാണ് കടക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30 നാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ-10 ദൗത്യം വിക്ഷേപിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സി ബഹിരാകാശ യാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഇവരുടെ മടക്കത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ നാട്.