മണിപ്പൂരിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ ഭരണകക്ഷി എം. എൽ. എ. മാരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്. ഇംഫാലിൽ വൈകിട്ട് ആറു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. യോഗത്തിൽ ബി. ജെ. പി. എം. എൽ. എ. മാർക്കു പുറമെ സഖ്യകക്ഷികളായ എൻ. പി. എഫ്., ജെ. ഡി. യു. തുടങ്ങിയ പാർട്ടികളുടെ എം. എൽ. എ. മാരും പങ്കെടുക്കും.
കലാപം കത്തിനിൽക്കുന്നതിനിടെ സഖ്യകക്ഷികളിലൊന്നായ എൻ. പി. പി. പിന്തുണ പിൻവലിച്ചിരുന്നു. കലാപം അടിച്ചമർത്തുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. എൻ. പി. പി. പിൻമാറിയതോടെ സർക്കാരിന് ഏഴംഗങ്ങളുടെ പിന്തുണയും നഷ്ടമായി. ഞായറാഴ്ച മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയശേഷം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടന്നിരുന്നു. ഈ യോഗത്തിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾ തുടരുകയാണ്. ഇംഫാൽ താഴ്‌വരയിൽ എം. എൽ. എ. മാരുടേതടക്കം നിരവധി നേതാക്കളുടെയും സാധാരണക്കാരുടെയും വീടുകൾ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സാഹചര്യം അതിസങ്കീർണ്ണമായതോടെ ഇംഫാലിന്റെ വിവിധ ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.