Tuesday, November 26, 2024

വീണ്ടും മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രിക്കായി വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നു. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള കരാറിന് സർക്കാർ അന്തിമ അംഗീകാരം നൽകി. കരാറിൽ വൈകാതെ സർക്കാർ ഒപ്പിടും എന്നാണ് വിവരം.

2020-ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെയായിരുന്നു ഈ കരാർ. വൻ ധൂർത്തെന്ന ആരോപണം ഉയർന്നതോടെ ഒരു വർഷത്തിന് സർക്കാർ കരാർ പുതുക്കാതെ അവസാനിപ്പിച്ചു. എന്നാൽ രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ കമ്പനിയുമായി കരാർ ഒപ്പിട്ടാണ് സർക്കാർ ഹെലികോപ്റ്റർ സേവനം വീണ്ടും മുഖ്യമന്ത്രിക്ക് ലഭ്യമാക്കുന്നത്.

മാസം 80 ലക്ഷം രൂപയ്ക്കാണ് സ്വകാര്യ കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഹെലികോപ്റ്റർ കേരളത്തിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കോപ്റ്ററാണ് എത്തുന്നത്.

Latest News