Monday, November 25, 2024

അഗ്‌നിപഥ് പദ്ധതിയിലൂടെ സൈന്യത്തിന്റെ ചെലവ് ചുരുക്കലല്ല ഉദ്ദേശിക്കുന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി

അഗ്‌നിപഥ് പദ്ധതിയിലൂടെ സൈന്യത്തിന്റെ ചെലവ് ചുരുക്കലല്ല ഉദ്ദേശിക്കുന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി. മികച്ച കായിക ശക്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തെ നിര്‍മിക്കുന്നതിനാണ് അഗ്‌നിപഥ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. നാലു വര്‍ഷത്തേക്കുള്ള അഗ്‌നിപഥ് റിക്രൂട്ടുകളുടെ എന്റോള്‍മെന്റ്, അവലോകനം, നിയമനം തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 13 പ്രത്യേക സംഘങ്ങളുണ്ടാകും.

സൈന്യത്തിന്റെ പെന്‍ഷന്‍ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവക്കായി ചെലവിടുന്ന തുക വെട്ടിച്ചുരുക്കുന്നതിനല്ല അഗ്‌നിപഥ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ആകസ്മികമായ അത്തരം നേട്ടങ്ങള്‍ അഗ്‌നിപഥ് പദ്ധതിയിലുടെ സൈന്യത്തിനു ലഭിച്ചേക്കാമെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്കും മികച്ച പരിശീലനം നല്‍കേണ്ടതായുണ്ട്. സൈന്യത്തിലേക്കു ചെറുപ്പക്കാരായ ആളുകളെ തെരഞ്ഞെടുക്കുന്നത് ഇതിനു സഹായിക്കും. സമകാലികവും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവുമായ രീതിയില്‍ പരിശീലനം പുനഃക്രമീകരിക്കുന്നതു പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ സഹായിക്കും. ഇന്ത്യന്‍ വ്യോമസേനയിലെ 3,000 ഒഴിവുകളിലേക്കായി ഏഴര ലക്ഷം അപേക്ഷകളാണു ലഭിച്ചതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News