Tuesday, November 26, 2024

അഗ്‌നിപഥ് പദ്ധതി; നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; വിജ്ഞാപനം രണ്ട് ദിവസത്തിനകം

അഗ്‌നിപഥ് പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. വിജ്ഞാപനം രണ്ട് ദിവസത്തിനകം പ്രസിദ്ധികരിക്കും. റിക്രൂട്ട്‌മെന്റ് ഈ മാസം 24 മുതല്‍ ആരംഭിക്കും. അഗ്‌നിപഥ് പദ്ധതി വഴിയുള്ള ആദ്യ റിക്രൂട്ട്‌മെന്റ് വ്യോമസേനയിലായിരിക്കും. പരിശീലനം ഡിസംബറില്‍ തുടങ്ങും. 2023 പകുതിയോടെ നിയമനം നേടുന്നവര്‍ സേനയില്‍ പ്രവേശിക്കും.

ഇതോടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് മോഡലിന് കീഴില്‍ സെലക്ഷന്‍ നടത്തുന്ന ആദ്യ പ്രതിരോധ സേനാ വിഭാഗമായി മാറുകയാണ് വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഗ്‌നിപഥ് റിക്രൂട്ട്മെന്റിനുള്ള ഏറ്റവും ഉയര്‍ന്ന പ്രായപരിധി 23 വയസ്സാക്കിയതായും ഇത് യുവാക്കള്‍ക്ക് കൂടുതല്‍ ഫലം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ജൂണ്‍ 24 ന് ആരംഭിക്കുമെന്നും വിആര്‍ ചൗധരി വ്യക്തമാക്കി.

കൊറോണ മൂലം രണ്ട് വര്‍ഷത്തിലേറെയായി വ്യോമസേനയുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 2019-2020 ലാണ് ഉദ്യോഗസ്ഥരെ അവസാനമായി റിക്രൂട്ട് ചെയ്തത്. അതേസമയം കരസേനയിലേക്കും നാവിക സേനയിലേക്കും റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടായിരുന്നു. ഇന്ത്യലെ യുവാക്കള്‍ക്ക് സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടിയാണ് അഗ്നിപഥ് പദ്ധതി കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. 17.5 നും 23 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തിന്റെ മൂന്ന് സേനാ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

Latest News