Tuesday, November 26, 2024

സിയാച്ചിനിൽ അഗ്നിവീര്‍ സൈനീകന്‍ ഗവാട്ടെ അക്ഷയ് ലക്ഷ്‌മണ് വീരമൃത്യു

മഹാരാഷ്ട്ര സ്വദേശിയായ അഗ്നിവീര്‍ സൈനീകന്‍ ഗവാട്ടെ അക്ഷയ് ലക്ഷ്‌മണ്‍ വീരമൃത്യൂ വരിച്ചതായി കരസേനയുടെ ലേ ആസ്ഥാനമായ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ്. സിയാച്ചിനിൽ ഡ്യൂട്ടിക്കിടെ ശനിയാഴ്‌ച പുലർച്ചയോടെയാണ് അഗ്നിവീറിന്‍റെ വീരമൃത്യൂ വരിച്ചത്. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് ഇക്കാര്യം പങ്കുവച്ചത്.

ലക്ഷ്‌മണിന്റെ മരണത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.”സിയാച്ചിന്റെ ഉയരങ്ങളിൽ ചുമതലയിലിരിക്കെ അഗ്നിവീർ (ഓപ്പറേറ്റർ) ഗവാട്ടെ അക്ഷയ് ലക്ഷ്‌മണിന്റെ പരമോന്നത ത്യാഗത്തെ ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ എല്ലാ റാങ്കുകളും അഭിവാദ്യം ചെയ്യുന്നു. സൈനീകന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ക്കുള അഗാധമായ അനുശോചനം കുടുംബത്തെ അറിയിക്കുന്നു,” ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. ജീവൻ നഷ്ടപ്പെട്ട അഗ്നിവീറിന് ഇന്ത്യൻ സൈന്യം ഞായറാഴ്ച ആദരാഞ്ജലി അര്‍പ്പിക്കുന്ന ചിത്രവും എക്സില്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, മരണപ്പെട്ട അഗ്നിവീറിന്റെ അടുത്ത ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസും, 44 ലക്ഷം രൂപ എക്സ്ഗ്രേഷ്യയും ലഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ അടുത്ത ബന്ധുക്കൾക്ക് സേവാ നിധിയിൽ നിന്ന് ഒരു തുക ലഭിക്കും (30 ശതമാനം), അഗ്നിവീറിന്റെ സംഭാവനയും, സർക്കാരിന്റെ തുല്യമായ സംഭാവനയും അതിനുള്ള പലിശയും ഇതിലുൾപ്പെടുന്നു. അടുത്ത ബന്ധുക്കൾക്ക് മരണപ്പെട്ട തീയതി മുതൽ നാല് വർഷം പൂർത്തിയാകുന്നതുവരെ (13 ലക്ഷം രൂപയിലധികം) ബാക്കിയുള്ള കാലാവധിക്കുള്ള ശമ്പളം ലഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ആംഡ് ഫോഴ്‌സ് ബാറ്റിൽ കാഷ്വാലിറ്റി ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ സംഭാവന നൽകുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Latest News