Tuesday, November 26, 2024

ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി പാലായില്‍ ധാരണ

വിവാദങ്ങൾക്ക് ഒടുവിൽ പാലാ നഗരസഭ ചെയർമാൻ സ്ഥാനാര്‍ത്ഥിത്വത്തില്‍ ധാരണയായി. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയാണ് ധാരണയിലെത്തിയത്. കേരളാകോണ്‍ഗ്രസ് (എം) ന്‍റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സിപിഎം തീരുമാനം.

ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാമെന്ന നിലപാടായിരുന്നു കേരളാ കോണ്‍ഗ്രസ് (എം) ന്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുമായി നിരന്തര ചര്‍ച്ചകളിലൂടെ സമവായത്തിന് സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിനുവിന് പകരം രണ്ടാം വാര്‍ഡ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോസിന്‍ ബിനോയിയെ സമവായ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച് പ്രശ്നം പരിഹരിച്ചത്.

അതേസമയം ബിനുവിനെ ഒഴിവാക്കിയതില്‍ പ്രദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. എന്നാല്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് 11 മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം പരസ്യപ്രതികരണങ്ങള്‍ നടത്തുമെന്ന് ബിനു പ്രതികരിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് തെരഞ്ഞെടുപ്പിന് അദ്ദേഹം എത്തിയത്.

Latest News