രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയെ നിയന്ത്രിക്കുന്ന കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് അതോറിറ്റിയുമായി കരാറിൽ ഒപ്പുവച്ച് സിറിയയിലെ ഇടക്കാല സർക്കാർ. വെടിനിർത്തലും യു എസ് പിന്തുണയുള്ള പ്രധാന സേനയെ സിറിയൻ സൈന്യത്തിൽ ലയിപ്പിക്കുന്നതിനുമുള്ള കരാറിലാണ് ഒപ്പുവച്ചതെന്ന് സിറിയൻ പ്രസിഡന്റ് അറിയിച്ചു. ഡിസംബറിൽ പ്രസിഡന്റ് ബഷർ അസദിനെ പുറത്താക്കിയ ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്‌രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള സിറിയൻ സർക്കാരിന്റെ നിയന്ത്രണത്തിൽ സിറിയയുടെ ഭൂരിഭാഗവും കൊണ്ടുവരുന്ന ഒരു പ്രധാന വഴിത്തിരിവാണ് ഈ കരാർ.
സിറിയയിലെ അലവി ന്യൂനപക്ഷത്തിന്റെ ഹൃദയഭാഗത്ത് ദിവസങ്ങളോളം നീണ്ടുനിന്ന അക്രമങ്ങൾക്കുശേഷമാണ് പുതിയ കരാർ വരുന്നത്. അഹമ്മദ് അൽ-ഷറയും യു എസ് പിന്തുണയുള്ള കുർഷിദ് നേതൃത്വത്തിലുള്ള എസ് ഡി എഫ് കമാന്ററുമായ മസ്ലൂം അബ്ദിയും കരാറിൽ ഒപ്പുവച്ചു.
“സിറിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള എല്ലാ സിവിലിയൻ, സൈനിക സ്ഥാപനങ്ങളെയും അതിർത്തി പോസ്റ്റുകൾ, വിമാനത്താവളങ്ങൾ, വാതകമേഖല തുടങ്ങി എല്ലാ മേഖലയെയും സിറിയൻ ഭരണകൂടത്തിനുള്ളിൽ സംയോജിപ്പിക്കുന്നതിനുള്ള കരാറാണിത്” – ഇതേക്കുറിച്ചു വ്യക്തമാക്കി തിങ്കളാഴ്ച പ്രസിഡന്റ് ഓഫീസ് പറഞ്ഞു. സിറിയൻ ഭരണകൂടത്തിന്റെ ഒരു അവശ്യഘടകമാണ് കുർഷിദ് സമൂഹമെന്നും പൗരത്വത്തിനുള്ള അവകാശവും ഭരണഘടനാ അവകാശവും ഉറപ്പുനൽകുന്നതായും പ്രസ്താവനയിൽ പറയുന്നു. ഒരു പുതിയ സിറിയ കെട്ടിപ്പടുക്കുന്നതിനുള്ള യഥാർഥ അവസരമാണ് ഈ കരാർ എന്ന് അബ്ദി പറഞ്ഞു. എല്ലാ സിറിയക്കാരുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും സമാധാനത്തിനും അന്തസ്സിനും വേണ്ടിയുള്ള കാര്യങ്ങൾ നിറവേറ്റുന്നതിനും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എസ് ഡി എഫ് നേതാവ് എക്സിൽ പറഞ്ഞു.