ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനും നയതന്ത്രബന്ധം പുതുക്കാനുമുള്ള ഭൂട്ടാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. ഭൂട്ടാൻ വിദേശകാര്യ മന്ത്രി താണ്ടി ഡോർജി തിങ്കളാഴ്ച ബെയ്ജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുതുടങ്ങിയത്.
ഭൂട്ടാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ചൈനീസ് സര്‍ക്കാര്‍ വിശദ്ധമായ പ്രസ്താവനയിറക്കിയിരുന്നു. ‘ചൈനയുമായി വിവിധ മേഖലകളിൽ നല്ല സഹകരണം നിലനിർത്താനും ഉഭയകക്ഷി ബന്ധങ്ങളുടെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കാനും ഭൂട്ടാൻ തയ്യാറാണ്’ എന്ന് ഡോർജിയെ ഉദ്ധരിച്ച് ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍പറയുന്നു. ഭൂട്ടാന്റെ സ്വാതന്ത്ര്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ ബെയ്ജിംഗ് എല്ലായ്‌പ്പോഴും ബഹുമാനിക്കുമെന്ന് ഹാൻ ഷെങ്ങ് ഡോർജിയോട് പറഞ്ഞതായും പ്രസ്താവനയിൽ ഉണ്ട്.
അതേസമയം, ചൈന – ഭൂട്ടാൻ അതിർത്തി തർക്കം പരിഹരിക്കുകയും നീക്കുപോക്കുകൾ ഉണ്ടാക്കുകയും ചെയ്താൻ ഇന്ത്യയ്ക്ക് അത് ഭീഷണിയാണ്. പടിഞ്ഞാറൻ ഭൂട്ടാനിലെ ധോക്ലാമിന് സമീപമുള്ള പ്രദേശങ്ങളിൽ ഭൂട്ടാൻ അവകാശം ഉന്നയിക്കുന്നത് ചൈന അംഗീകരിക്കുകയും പകരമായി ഷാംഗ്രി-ലായുടെ വടക്കൻ-മധ്യമേഖലയിലെ ഭൂപ്രദേശ അവകാശവാദങ്ങൾചൈനക്ക് വിട്ടുകൊടുക്കുകയോ ചെയ്താല്‍ ഇന്ത്യയ്ക്ക് അത് വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് ഭൂട്ടാന്‍റെ നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കാന്‍ ആരംഭിച്ചത്.