Tuesday, November 26, 2024

ചൈന-ഭൂട്ടാൻ അതിർത്തി തർക്കം പരിഹരിക്കാൻ ധാരണ: നിരീക്ഷിച്ച് ഇന്ത്യ

ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനും നയതന്ത്രബന്ധം പുതുക്കാനുമുള്ള ഭൂട്ടാന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ. ഭൂട്ടാൻ വിദേശകാര്യ മന്ത്രി താണ്ടി ഡോർജി തിങ്കളാഴ്ച ബെയ്ജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ചുതുടങ്ങിയത്.

ഭൂട്ടാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ചൈനീസ് സർക്കാർ വിശദമായ പ്രസ്താവനയിറക്കിയിരുന്നു. ‘ചൈനയുമായി വിവിധ മേഖലകളിൽ നല്ല സഹകരണം നിലനിർത്താനും ഉഭയകക്ഷി ബന്ധങ്ങളുടെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കാനും ഭൂട്ടാൻ തയ്യാറാണ്’ എന്ന് ഡോർജിയെ ഉദ്ധരിച്ച് ചൈനീസ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭൂട്ടാന്റെ സ്വാതന്ത്ര്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ ബെയ്ജിംഗ് എല്ലായ്‌പ്പോഴും ബഹുമാനിക്കുമെന്ന് ഹാൻ ഷെങ്ങ് ഡോർജിയോട് പറഞ്ഞതായും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

അതേസമയം, ചൈന – ഭൂട്ടാൻ അതിർത്തി തർക്കം പരിഹരിക്കുകയും നീക്കുപോക്കുകൾ ഉണ്ടാക്കുകയും ചെയ്താൻ ഇന്ത്യയ്ക്ക് അത് ഭീഷണിയാണ്. പടിഞ്ഞാറൻ ഭൂട്ടാനിലെ ധോക്ലാമിന് സമീപമുള്ള പ്രദേശങ്ങളിൽ ഭൂട്ടാൻ അവകാശം ഉന്നയിക്കുന്നത് ചൈന അംഗീകരിക്കുകയും പകരമായി ഷാംഗ്രി-ലായുടെ വടക്കൻ-മധ്യമേഖലയിലെ ഭൂപ്രദേശ അവകാശവാദങ്ങൾ ചൈനക്ക് വിട്ടുകൊടുക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് അത് വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് ഭൂട്ടാൻറെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കാൻ ആരംഭിച്ചത്.

Latest News