വാര്‍ത്ത വായിക്കാന്‍ നിര്‍മിത ബുദ്ധി അവതാരകയെ അവതരിപ്പിച്ച് കുവൈറ്റ് മാധ്യമം. കുവൈറ്റ് ന്യൂസാണ് ‘ഫെദ’ എന്ന റോബോട്ട് അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുവൈറ്റ് ന്യൂസ് വെബ്സൈറ്റ് ഇക്കാര്യം അറിയിച്ചത്.
തലമറയ്ക്കാത്ത കറുത്ത ജാക്കറ്റും വെള്ള ടി-ഷര്‍ട്ടും അതിനു മുകളില്‍ കറുത്ത കോട്ടും ധരിച്ചിരിക്കുന്ന രൂപമാണ് പുറത്തുവിട്ട എഐ ജനറേറ്റഡ് അവതാരകയായ ഫെദയ്ക്ക്. അവതാരക സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ നല്‍കിയിരിക്കുന്നത്. ‘ഞാന്‍ ഫെദ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ആദ്യ അവതാരകയാണ്. ഏത് തരത്തിലുള്ള വാര്‍ത്തകളാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ’ എന്ന് അറബിയിലാണ് ഫെദ സംസാരിക്കുന്നത്.
1961 ല്‍ സ്ഥാപിതമായ ഗള്‍ഫ് മേഖലയിലെ ആദ്യ ഇംഗ്ലീഷ് ദിനപത്രമായ കുവൈറ്റ് ടൈംസിന്റെ അനുബന്ധസ്ഥാപനമാണ് എഐ അവതരാകയെ അവതരിപ്പിച്ച കുവൈറ്റ് ന്യൂസ്. പുതിയതും നൂതനവുമായ രീതി പരിചയപ്പെടുത്തുന്നതിനായുള്ള നിര്‍മിത ബുദ്ധിയുടെ പരീക്ഷണമാണിതെന്നു കുവൈറ്റ് ടൈംസിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുല്ല ബോഫ്ടൈന്‍ പറഞ്ഞു. ഭാവിയില്‍ ഫെദയ്ക്ക് കുവൈറ്റിന്റെ ഔദ്യോഗിക ഭാഷയില്‍ വാര്‍ത്ത വായിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.