സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തില്‍ നടന്നു വരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 അധ്യാപകര്‍ പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്. അടുത്ത ബാച്ചുകളുടെ പരിശീലനം സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി ഈ മാസം തന്നെ നടക്കും.
മെയ് 23നും 27നും അരംഭിക്കുന്ന തരത്തില്‍ മൂന്നു ദിവസത്തെ പരിശീലനങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ അവധിക്കാലത്ത് 20,000 അധ്യാപകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇനി വരാനിരിക്കുന്ന പരിശീലന കേന്ദ്രങ്ങളിലേക്ക് വിദ്യാലയങ്ങളില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് അധ്യാപകരെ ട്രെയിനിംഗ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
ആഗസ്റ്റ് മാസത്തോടെ 80,000 വരുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി അധ്യാപകര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് പ്രൈമറി അധ്യാപകര്‍ക്കും ഈ മേഖലയില്‍ പരിശീലനം നല്‍കും. 2025 ജനുവരിയോടെ സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം അധ്യാപകര്‍ക്ക് സമ്മറൈസേഷന്‍, ഇമേജ് ജനറേഷന്‍, പ്രോംപ്റ്റ് എന്‍ജിനിയറിങ്, പ്രസന്‍ഷന്‍- ആനിമേഷന്‍ നിര്‍മാണം, ഇവാലുവേഷന്‍ എന്നീ മേഖലകളില്‍ എ.ഐ പരിശീലനം പൂര്‍ത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അധ്യാപകരും ഇന്റര്‍നെറ്റ് സൗകര്യമുള്ള പ്രത്യേകം പ്രത്യേകം ലാപ്‌ടോപ്പുകളുടെ സഹായത്തോടെയാണ് പരിശീലനം നേടുന്നത്.