ദക്ഷിണ സുഡാനിലെ നൈൽ നദിക്കരയിലുള്ള പോരാട്ടം മൂലം രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ പോഷകാഹാരക്കുറവ് നേരിടുന്ന അറുപതിനായിരത്തിലധികം കുട്ടികൾക്ക് ഒരുമാസത്തോളമായി മാനുഷികസഹായം എത്തിച്ചേരുന്നത് തടസ്സപ്പെട്ടതായി ഐക്യരാഷ്ട്രസഭാ ഏജൻസികൾ അറിയിച്ചു. രാജ്യത്ത് ഏറ്റവും ഉയർന്ന പോഷകാഹാരക്കുറവുള്ള സംസ്ഥാനമായ അപ്പർ നൈലിലേക്കുള്ള പോഷകാഹാര വിതരണം മെയ് അവസാനത്തോടെ തീർന്നുപോകുമെന്ന് യു എന്നിന്റെ ലോക ഭക്ഷ്യപരിപാടിയും (ഡബ്ല്യു എഫ് പി) കുട്ടികൾക്കായുള്ള ഏജൻസിയും (യുണിസെഫ്) പറയുന്നു.
“അടിയന്തരഘട്ടങ്ങളിൽ ആദ്യം കഷ്ടപ്പെടുന്നത് കുട്ടികളാണ്. പോഷകാഹാര വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇതിനകം തന്നെ പ്രതിസന്ധിയിലായ പ്രദേശങ്ങളിൽ പോഷകാഹാരക്കുറവ് വർധിക്കും” – ദക്ഷിണ സുഡാനിലെ WFP പ്രതിനിധി മേരി-എല്ലെൻ മക്‌ഗ്രോർട്ടി, WFP-UNICEF സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
WFP, UNICEF എന്നിവർ പറയുന്നതുപ്രകാരം, ഏപ്രിൽ പകുതിയോടെ അപ്പർ നൈൽ സംസ്ഥാനത്തേക്ക് ആയിരം മെട്രിക് ടൺ ഭക്ഷണവും പോഷകാഹാര സാമഗ്രികളും വഹിച്ചുകൊണ്ടുള്ള ബാർജുകൾ അരക്ഷിതാവസ്ഥ കാരണം തിരികെപ്പോകാൻ നിർബന്ധിതരായി എന്നാണ്. “നദീതീരത്തു നടക്കുന്ന പോരാട്ടം, കൊള്ള, തടസ്സപ്പെടുത്തൽ എന്നിവ കാരണം സഹായം വളരെ ആവശ്യമുള്ള കുട്ടികൾക്ക് അവ ലഭിക്കില്ലെന്നു ഭയന്ന് സാധനങ്ങൾ തടഞ്ഞുവയ്ക്കുന്ന നടപടിയെ മനസ്സില്ലാമനസ്സോടെ ഞങ്ങൾക്ക് സ്വീകരിക്കേണ്ടിവന്നു” – യുണിസെഫ് പ്രതിനിധി ഒബിയ അച്ചിയങ് പറഞ്ഞു.