പുകയിലരഹിത രാജ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രിട്ടണില്‍ സിഗരറ്റ് നിരോധിക്കാനൊരുങ്ങുന്നു. സുനകിന്റെ പുതിയ ഉപഭോക്തൃ കേന്ദ്രീകൃതനീക്കത്തിന്റെ ഭാഗമാണ് നയങ്ങളെന്നാണ് വിലയിരുത്തല്‍. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയനാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോർട്ട് ചെയ്തത്.
2009 ജനുവരി ഒന്നുമുതൽ ജനിച്ചവർക്ക്, ഭാവിയിൽ പുകയില വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കഴിഞ്ഞവർഷം ന്യൂസിലൻഡ് പ്രഖ്യാപനമിറക്കിയിരുന്നു. ഇതിനു സമാനമായി പുകയിലവിരുദ്ധ നടപടികള്‍ ആവിഷ്ക്കരിക്കാനാണ് സുനക് സര്‍ക്കാരിന്റെ ശ്രമം. സൗജന്യ ഇ-സിഗരറ്റുകള്‍ (വാപ്പ് കിറ്റുകൾ) നിരോധിക്കുക, ഗർഭിണികളെ പുകവലി ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വൗച്ചർ പദ്ധതി ആവിഷ്ക്കരിക്കുക, സിഗരറ്റ് പായ്ക്കറ്റുകളിലെ കൺസൾട്ടിംഗ് എന്നിവയും നടപടികളിൽ ഉൾപ്പെടുന്നു.
ഇ-സിഗരറ്റ് നിരോധനത്തിന്റെ ഭാഗമായി ചില്ലറവ്യാപാരികള്‍ കുട്ടികള്‍ക്ക് വാപ്പ് സാമ്പിളുകള്‍ സൗജന്യമായി നൽകുന്നത് തടയുമെന്ന് മെയ് മാസത്തിൽ ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൂര്‍ണ്ണമായി സിഗരറ്റ് ഉപയോഗം നിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. “2030 -ഓടെ പുകവലി പൂർണ്ണമായും ഉപേക്ഷിക്കാനും പുകയിലരഹിത രാജ്യമാകാനുമുള്ള ലക്ഷ്യത്തിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. പുകവലിനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ ഇതിനോടകംതന്നെ സ്വീകരിച്ചിട്ടുണ്ട്” – ബ്രിട്ടീഷ് സർക്കാർ വക്താവ് അയച്ച ഇ-മെയിലില്‍ പറയുന്നു.